മങ്കിപോക്‌സ് രോഗിയുടെ റൂട്ട് മാപ്പില്‍ പിശക്

തിരുവനന്തപുരം: മങ്കിപോക്‌സ് കൈകാര്യം ചെയ്യുന്നതില്‍ കൊല്ലം ഡി.എം.ഒ. ഓഫീസിന് ഗുരുതര വീഴ്ച. രോഗിയുടെതെന്ന പേരില്‍ ആദ്യം പുറത്തുവിട്ട റൂട്ട് മാപ്പ് തെറ്റ്. സ്വകാര്യ ആശുപത്രിയില്‍ നിന്ന് കൊല്ലം, പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ രോഗിയെ പ്രവേശിപ്പിച്ചെന്നായിരുന്നു ഡി.എം.ഒ. ഓഫീസ് നല്‍കിയ വിവരം. എന്നാല്‍ രോഗി ഇപ്പോൾ ചികിത്സയിലുള്ളത് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. കൂടാതെ രോഗിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള രണ്ടു പേരെയും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

യു.എ.ഇ.യില്‍നിന്നെത്തിയ കൊല്ലം സ്വദേശിക്കാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. 12-ന് യു.എ.ഇ.യില്‍നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മുപ്പത്തിയഞ്ചുകാരനെ ആദ്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. പുനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കയച്ച സാംപിള്‍ പോസിറ്റീവാണെന്ന് വ്യാഴാഴ്ച വൈകുന്നേരമാണ് സ്ഥിരീകരണം ലഭിച്ചത്.

എന്നാല്‍, ഇന്നലെ വൈകിട്ട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വഴി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ഡി.എം.ഒ. അറിയിച്ചത് രോഗം സ്ഥിരീകരിച്ച വ്യക്തി പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്കാണ് പോയതെന്നാണ്. അവിടെനിന്ന് സാമ്പിള്‍ ശേഖരിച്ച് വിമാനമാര്‍ഗം പുനെയിലെ ലാബിലേക്ക് അയച്ചെന്ന വിവരമാണ് ഡി.എം.ഒ. നല്‍കിയത്. പ്രാഥമികമായി വിവരം ശേഖരിക്കുന്ന കാര്യത്തിലും രോഗി എവിടെയെല്ലാം പോയി എന്ന് കണ്ടെത്തുന്നതിലും ഡി.എം.ഒ. ഓഫീസിന് വലിയ തോതിലുള്ള വീഴ്ച പറ്റി എന്നാണ് തെളിയുന്നത്.

ഇതിനിടെ രോഗിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള രണ്ട് പേരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഒരു ഓട്ടോയിലാണ് ഈ വ്യക്തി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോയത്. ഈ ഓട്ടോയുടെ ഡ്രൈവറെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സ്വകാര്യ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് പോയ ടാക്‌സി ഡ്രൈവറേയും കണ്ടെത്താനായിട്ടില്ല.

Top