നാടിനെ വലച്ച് മഴ ; എറണാകുളം ജില്ലയില്‍ റെഡ് അലര്‍ട്ട് തുടരുന്നു

കൊച്ചി : കനത്തെ മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് തുടരുന്നു. ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു.

ജില്ലയില്‍ ഇന്നും ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണം കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ഇന്നലെ മഴ ശക്തമായത് തെരഞ്ഞെടുപ്പിനെ വരെ ബാധിച്ചിരുന്നു. കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങലിലെയും നഗരത്തിലെയും നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയത് പ്രതിസന്ധി സൃഷ്ടിച്ചു.

മണിക്കൂറുകളുടെ പ്രയത്‌നം കൊണ്ടാണ് പല റോഡുകളിലേയും വെള്ളം പമ്പ് ചെയ്ത് ഒഴിവാക്കിയത്. നിലവില്‍ പതിനൊന്ന് ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയില്‍ തുറന്നിട്ടുള്ളത്. 848 കുടുംബങ്ങളില്‍ നിന്നായി 2153 പേരാണ് ഇവിടെയുള്ളത്.

കണയന്നൂര്‍ താലൂക്കിലാണ് ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. കണയന്നൂര്‍ താലൂക്കിലെ എളങ്കുളം, പൂണിത്തുറ, എറണാകുളം, ഇടപ്പള്ളി നോര്‍ത്ത് , ഇടപ്പള്ളി സൌത്ത്, ചേരാനെല്ലൂര്‍, തൃക്കാക്കര വില്ലേജുകളെയാണ് മഴ അതിരൂക്ഷമായി ബാധിച്ചത്.

Top