എറണാകുളം, വയനാട് ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രിത അവധി

വയനാട്: എറണാകുളം, വയനാട് ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. മറ്റ് സ്‌കൂളുകള്‍ക്ക് പ്രവൃത്തി ദിവസം ആയിരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

കോട്ടയത്തും, പത്തനംതിട്ടയിലും തൃശൂരും ഇത്തരത്തില്‍ നിയന്ത്രിത അവധി ബാധകമായിരിക്കും. തിരുവല്ല താലൂക്കില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മറ്റ് താലൂക്കുകളിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധിയായിരിക്കും.

കോട്ടയം ജില്ലയിലെ കോട്ടയം, വൈക്കം, ചങ്ങനാശേരി താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധിയാണ്. പ്രൊഫഷണല്‍ കോളജുകള്‍ക്കും അങ്കണവാടികള്‍ക്കും അവധി ബാധകമായിരിക്കും. മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.

വെള്ളിയാഴ്ച തൃശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്കും ജില്ലാ കളക്ടര്‍ നിയന്ത്രിത അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും അവധിയായിരിക്കും.

Top