എറണാകുളം– രാമേശ്വരം സ്പെഷൽ ട്രെയിന്‍ സർവീസ് നീട്ടി

കൊച്ചി : എറണാകുളം-രാമേശ്വരം സ്‌പെഷല്‍ ട്രെയിനിന്റെ സര്‍വീസ് ഡിസംബര്‍ 30 വരെ നീട്ടി. എല്ലാ തിങ്കളാഴ്ചകളിലും രാത്രി 7ന് എറണാകുളത്തു നിന്നു പുറപ്പെടുന്ന ട്രെയിന്‍ (06033) പിറ്റേ ദിവസം രാവിലെ 7.30ന് രാമേശ്വരത്ത് എത്തും. മടക്ക ട്രെയിന്‍ (06034) ചൊവ്വാഴ്ചകളില്‍ രാത്രി 8.55ന് രാമേശ്വരത്തു നിന്നു പുറപ്പെട്ടു ബുധനാഴ്ച രാവിലെ 10.45ന് എറണാകുളത്ത് എത്തും.

പഴനി, മധുര മീനാക്ഷി ക്ഷേത്രം, പാമ്പന്‍ പാലം, രാമേശ്വരം ക്ഷേത്രം, ധനുഷ്‌കോടി, എ.പി.ജെ.അബ്ദുള്‍ കലാം സ്മാരകം, ഏര്‍വാടി ദര്‍ഗ എന്നിവടങ്ങളിലേക്കുളള സന്ദര്‍ശകര്‍ക്കു ഉപകാരപ്രദമായ സര്‍വീസാണ് ഇത്. എറണാകുളം,രാമേശ്വരം യാത്രയ്ക്കു സ്ലീപ്പറില്‍ 405 രൂപയും തേഡ് എസിയില്‍ 1125 രൂപയുമാണു നിരക്ക്.

7 സ്ലീപ്പറും 3 തേഡ് എസി കോച്ചുകളുമാണു ഈ ട്രെയിനിലുളളത്. ആലുവ, തൃശൂര്‍, പാലക്കാട് ജംക്ഷന്‍, പാലക്കാട് ടൗണ്‍, കൊല്ലങ്കോട്, പൊള്ളാച്ചി, ഉദുമല്‍പേട്ട്, പഴനി, ഒട്ടന്‍ഛത്രം, ഡിണ്ടിഗല്‍, മധുര, മാനാമധുര, പരമക്കുടി, രാമനാഥപുരം, ഉച്ചിപ്പുള്ളി, മണ്ഡപം ഇവിടെയൊക്കെയാണ് സ്റ്റോപ്പുകള്‍.

Top