എറണാകുളം പുറപ്പള്ളിക്കാവ് പാലം നിര്‍മിച്ചത് അനുവദിക്കപ്പെട്ടതിലും ഇരട്ടി തുകയ്‌ക്കെന്ന്…

തിരുവനന്തപുരം: എറണാകുളം പുറപ്പള്ളിക്കാവ് പാലം നിര്‍മിച്ചത് അനുവദിക്കപ്പെട്ടതിലും ഇരട്ടി തുകയ്‌ക്കെന്ന് റിപ്പോര്‍ട്ട്. നബാര്‍ഡ് 68 കോടിയാണ് അനുവദിച്ചതെങ്കില്‍ ചിലവാക്കിയത് 132 കോടി രൂപയാണെന്നാണ് വെളിപ്പെടുത്തല്‍. ഇരട്ടി തുക ചിലവാക്കിയെന്നും ഇതിനായി മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഇടപെടല്‍ നടത്തിയതുമായാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരം. പാലാരിവട്ടം പാലം നിര്‍മാണത്തില്‍ ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് മറ്റൊരു പാലത്തിന്റെ നിര്‍മാണത്തിലും ക്രമക്കേട് നടന്നതായ വിവരങ്ങള്‍ പുറത്തുവരുന്നത്.

പെരിയാറിന് കുറുകെ പുറപ്പള്ളിക്കാവില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് പണിയാന്‍ 68 കോടി രൂപയാണ് നബാര്‍ഡ് അനുവദിച്ചത്. എന്നാല്‍ നബാര്‍ഡ് നിര്‍ദേശിച്ച സ്ഥലത്ത് പാലം നിര്‍മ്മിക്കേണ്ടെന്നും മറ്റൊരു സ്ഥലത്ത് പാലം നിര്‍മിക്കണമെന്നും മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹിം കുഞ്ഞ് നിര്‍ദേശം നല്‍കി.

മന്ത്രിയുടെ ഇടപെടലില്‍ പുതിയ സ്ഥലത്ത് പാലം പണിയാന്‍ തീരുമാനമായി. ഇതോടെ 68 കോടി രൂപയുടെ എസ്റ്റിമേറ്റ് 108 കോടിയായി ഉയരുകയായിരുന്നു. എന്നാല്‍ 68 കോടിയെ നല്‍കാനാകു എന്ന് നബാര്‍ഡ് വ്യക്തമാക്കിയതോടെ അധിക തുക സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. തുടര്‍ന്ന് പാലം പണി പൂര്‍ത്തിയായപ്പോള്‍ ആകെ ചെലവായ തുക 132 കോടി രൂപയായി ഉയരുകയും ചെയ്തു.

Top