എറണാകുളത്ത് പട്ടയമേള 19ന് ; നല്‍കുന്നത് 1012 പട്ടയങ്ങള്‍

കൊച്ചി: സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിനോട് അനുബന്ധിച്ച് തിങ്കളാഴ്ച കളമശേരി ടൗണ്‍ഹാളില്‍ നടക്കുന്ന പട്ടയമേളയില്‍ 1012 പേര്‍ക്ക് കൂടി പട്ടയം വിതരണം ചെയ്യും. രാവിലെ 10ന് റവന്യൂ മന്ത്രി കെ രാജന്‍ പട്ടയ മേള ഉദ്ഘാടനം ചെയ്യും . വ്യവസായ മന്ത്രി പി രാജീവ് അധ്യക്ഷനാകും .

എല്ലാവര്‍ക്കും ഭൂമി എല്ലാം ഭൂമിക്കും രേഖ എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പട്ടയമേളയില്‍ ജില്ലയിലെ ഏഴ് താലൂക്കുകളിലായി 124 സാധാരണ പട്ടയങ്ങളും 288 ദേവസ്വം പട്ടയങ്ങളും 600 ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയങ്ങളും വിതരണം ചെയ്യും. കൂടാതെ 13 അപേക്ഷകര്‍ക്ക് കൈവശാവകാശ രേഖകളും കൈമാറും

കണയന്നൂര്‍ താലൂക്കില്‍ 12, ആലുവയില്‍ 13 ഉം, പറവൂരില്‍ നാലും കൊച്ചി താലൂക്കില്‍ 18 ഉം, മൂവാറ്റുപുഴയില്‍ 16ഉം കോതമംഗലത്ത് 30ഉം, കുന്നത്തുനാട്ടില്‍ 31ഉം സാധാരണ പട്ടയങ്ങളാണ് വിതരണത്തിന് ഒരുങ്ങിയിരിക്കുന്നത്.

പട്ടയം നല്‍കാന്‍ കഴിയാത്ത റോഡ്, തോട് ഉള്‍പ്പെടെയുള്ള പുറമ്പോക്കുകളില്‍ കഴിയുന്നവര്‍ക്ക് ഗ്യാസ് കണക്ഷന്‍ എടുക്കുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാണ് കൈവശാവകാശ രേഖ നല്‍കുന്നത്.ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യാതിഥിയാകും. എം.പിമാരായ ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍, തോമസ് ചാഴിക്കാടന്‍ എന്നിവരും ജില്ലയില്‍ നിന്നുള്ള എല്ലാ എംഎല്‍എമാരും പങ്കെടുക്കും.

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ നടക്കുന്ന മൂന്നാമത്തെ പട്ടയമേളയാണ് കളമശേരിയില്‍ നടക്കുന്നത്. കഴിഞ്ഞ രണ്ടു തവണകളിലായി 2,447 പേര്‍ക്കായിരുന്നു ഭൂമിയുടെ അവകാശം ഔദ്യോഗികമായി പതിച്ചു കിട്ടിയത്. കൂടുതല്‍ പേര്‍ക്ക് കൂടി ഭൂമി പതിച്ചു നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് റവന്യൂ വകുപ്പ് പദ്ധതി നടപ്പാക്കുന്നത്.

Top