കോവിഡ് സമ്പര്‍ക്ക വ്യാപനം കൂടുതല്‍; എറണാകുളം ജില്ല ട്രിപ്പിള്‍ ലോക്ഡൗണിലേക്ക് ?

കൊച്ചി: കോവിഡ് സമ്പര്‍ക്ക വ്യാപനം കൂടുതലായ എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. ആവശ്യമെങ്കില്‍ ട്രിപ്പിള്‍ ലോക്ഡൗണിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ പേര് രോഗ ബാധിതരായ മേഖലകളെ ക്ലസ്റ്റര്‍ കണ്ടെയ്ന്‍മെന്റ്‌ സോണുകളാക്കിയേക്കും. എറണാകുളം ജനറല്‍ ആശുപത്രി ഹൃദ്രോഗവിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞ രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കാര്‍ഡിയോളജി, ജനറല്‍ മെഡിക്കല്‍ വിഭാഗങ്ങള്‍ പൂട്ടി.

എറണാകുളം ചെല്ലാനത്ത് രണ്ട് ദിവസത്തെ ഇടവേളയില്‍ 7 പേര്‍ക്കാണ് കോവിഡ് പോസീറ്റീവായത്. വെണ്ണലയില്‍ ഒരു ദിവസം തന്നെ സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായവര്‍ 8 പേരാണ്. ഇങ്ങിനെ കഴിഞ്ഞ 12 ദിവസത്തിനിടെ എറണാകുളം ജില്ലയില്‍ സമ്പര്ക്കത്തിലൂടെ രോഗ ബാധിതരായത് 59 പേരാണ്. ഇതില്‍ 11 പേരുടെ ഉറവിടം കണ്ടെത്താനും കഴിഞ്ഞിട്ടില്ല. കൂടുതല്‍ പേര് സമ്പര്‍ക്കബാധിതരായ ഇടങ്ങള്‍ ക്ലസ്റ്റര്‍ കണ്ടെയ്ന്‍മെന്റ്‌ സോണുകളാക്കി രോഗ ലക്ഷണം ഉള്ളവരില്‍ ആന്റിജന്‍ പരിശോധനയും ഇല്ലാത്തവരില്‍ ആര്‍ടിപിസിയാറും നടത്തി രോഗവ്യാപനം മുന്‍കൂട്ടി തടയലാണ് ലക്ഷ്യം.

നഗരസഭവാര്‍ഡുകള്‍, ആലുവ, ചെല്ലാനം, കീഴ്മാട്‌ തുടങ്ങിയ സ്ഥലങ്ങളില്‍ കൂടുതല്‍ പ്രദേശങ്ങള്‍ ക്ലസ്റ്റര്‍ കണ്ടെയ്ന്‍മെന്റ്‌ സോണുകളാക്കിയേക്കും. വൈറസ് വ്യാപനം വേഗത്തിലാണെന്നും ട്രിപ്പിള്‍ ലോക്ഡൗണിലേക്ക് നീങ്ങുകയാണെങ്കില്‍ മുന്നറിയിപ്പുണ്ടാകില്ലെന്നും ജില്ലയുടെ ചുമതലയുള്ള മന്ത്രി വി എസ് സുനില്‍ കുമാര്‍ അറിയിച്ചു.

Top