എറണാകുളം ഡിഐജി ഓഫീസ് മാര്‍ച്ച് ; സിപിഐ നേതാക്കള്‍ക്കെതിരെ കേസ്

കൊച്ചി : എറണാകുളത്ത് ഡിഐജി ഓഫിസിലേക്ക് സിപിഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജ് നടന്ന സംഭവത്തില്‍ നേതാക്കള്‍ക്കെതിരെ കേസ്. ജില്ലാ സെക്രട്ടറി പി.രാജു, എല്‍ദോ എബ്രഹാം എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംസ്ഥാന കമ്മറ്റി അംഗം ഉള്‍പ്പെടെ 10 പേരാണ് പ്രതികള്‍.

800 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എഫ്.ഐ.ആറില്‍ പറയുന്നു. കല്ലും കട്ടയും കുറുവടിയുമായാണ് പ്രവര്‍ത്തകര്‍ മാര്‍ച്ചിന് എത്തിയത്. മാര്‍ച്ചിന് അനുമതിയില്ലെന്ന് പൊലീസ് എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു.

അതേസമയം സിപിഐ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന പൊലീസ് ലാത്തിച്ചാര്‍ജിന് പിന്നില്‍ ഗൂഢാലോചനയെന്ന് പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി പി.രാജു. പൊലീസിന്റെ ശരിയായ നടപടിയല്ലെന്നും
കേസ് അട്ടിമറിക്കാന്‍ തെളിവുകള്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു.

സംഘര്‍ഷത്തിലും പൊലീസ് ലാത്തിച്ചാര്‍ജിലും എംഎല്‍എയുടെ ഇടതുകൈ ഒടിഞ്ഞെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കൈയ്ക്ക് പൊട്ടലില്ലെന്ന് പൊലീസ് കളക്ടര്‍ക്ക് നല്‍കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

സര്‍ക്കാര്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കൈ ഒടിഞ്ഞിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് പൊലീസ് അതിക്രമത്തെ കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന ജില്ലാ കളക്ടര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും പി രാജു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Top