സിപിഐ മാര്‍ച്ചിന് നേര്‍ക്കുണ്ടായ ലാത്തിച്ചാര്‍ജ്; പൊലീസുകാര്‍ക്കെതിരെ നടപടി വേണ്ടെന്ന്…

loknath-behra

തിരുവനന്തപുരം: സിപിഐയുടെ കൊച്ചി ഡി.ഐ.ജി ഓഫീസ് മാര്‍ച്ചിന് നേര്‍ക്ക് ലാത്തിച്ചാര്‍ജ് നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കേണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സംഭവത്തില്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പൊലീസുകാരുടെ പിഴവുകള്‍ പറയുന്നില്ലെന്ന് ഡി.ജി.പി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഡി.ജി.പി സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്.

അതേസമയം, സംഭവത്തില്‍ സര്‍ക്കാര്‍ തീരുമാനം വന്നതിന് ശേഷം പ്രതികരിക്കാമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് അറിയട്ടെ, എന്നിട്ട് പ്രതികരിക്കാമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എയും പറഞ്ഞു.ലാത്തിചാര്‍ജില്‍ സി.പി.ഐ എം.എല്‍.എ എല്‍ദോ എബ്രഹാം അടക്കമുള്ളവര്‍ക്ക് പരിക്കേറ്റിരുന്നു.

പൊലീസ് ലാത്തിച്ചാര്‍ജില്‍ സി.പി.ഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റതിന് പിന്നാലെ സംഭവത്തില്‍ സി.പി.ഐ നേതൃത്വം മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചിരുന്നു. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനാണ് മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടത്. പിന്നാലെ റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി എറണാകുളം കളക്ടര്‍ എസ്. സുഹാസിനോട് ആവശ്യപ്പെട്ടിരുന്നു. സംഭവം നടന്ന ശേഷവും പൊലീസ് നടപടിയില്‍ ശക്തമായി പ്രതികരിക്കാന്‍ സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തയ്യാറായിരുന്നില്ല. ലാത്തിച്ചാര്‍ജും ജലപീരങ്കിയുമെല്ലാം സമരത്തില്‍ ഉണ്ടാകാറുണ്ടെന്നും എറണാകുളത്തെ സംഭവം എന്താണെന്ന് അന്വേഷിച്ചശേഷം പറയാമെന്നുമായിരുന്നു കാനത്തിന്റെ പ്രതികരണം.

വൈപ്പിന്‍ കോളേജിലെ അക്രമവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ.-എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കാതെ ഒത്താശ ചെയ്ത ഞാറയ്ക്കല്‍ സി.ഐ.യെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു സി.പി.ഐ മാര്‍ച്ച് നടത്തിയത്.

Top