എറണാകുളത്തെ കോവിഡ് ബാധിതരുടെ കണക്കുകളില്‍ പിഴവുണ്ടെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍

കൊച്ചി : കഴിഞ്ഞ ദിവസം പുറത്തുവിട്ട എറണാകുളം ജില്ലയിലെ കോവിഡ് ബാധിതരുടെ കണക്കുകളില്‍ പിഴവുണ്ടെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍. ഇന്നലെ മൊത്തം 50 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്നും എന്നാല്‍ പുറത്ത് വിട്ടത് 15 പേരുടെ ലിസ്റ്റ് മാത്രമാണെന്ന് മന്ത്രി പറഞ്ഞു. ഡാറ്റ എന്‍ട്രി നടക്കാതിരുന്നതാണ് കാരണമെന്ന് പിഴവിന് കാരണമെന്നും മന്ത്രി വ്യക്തമാക്കി.

ചെല്ലാനത്ത് സ്ഥിതി അതീവ ഗുരുതരമാണ്. 35 പേരുടെ ലിസ്റ്റ് സാങ്കേതിക കാരണങ്ങളാല്‍ ഉള്‍പ്പെടുത്താനായില്ലെന്നും മന്ത്രി പറഞ്ഞു. ചെല്ലാനത്ത് ഇതുവരെ 83 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. പ്രദേശത്ത് ഇന്ന് മാത്രം 326 ടെസ്റ്റുകള്‍ നടത്തി. ചെല്ലാനത്ത് കൊവിഡ് സെന്റര്‍ തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. മാര്‍ക്കറ്റുകള്‍ക്ക് പ്രത്യേക എസ്ഒപി പുറപ്പെടുവിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം എറണാകുളം മെഡിക്കല്‍ കോളേജിലെ കോവിഡ് രോഗി ഗുരുതരാവസ്ഥയില്‍. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന ആലുവ എന്‍എഡി സ്വദേശിയായ 67കാരനാണ് ന്യുമോണിയ മൂര്‍ച്ഛിച്ചിരിക്കുന്നത്. കോവിഡ് സംശയിക്കുന്ന മറ്റൊരാളും അത്യാസന്ന നിലയിലാണെന്ന് മെഡിക്കല്‍ കോളേജ് നോഡല്‍ ഓഫീസര്‍ ഡോ. ഫത്താഹുദ്ദീന്‍ അറിയിച്ചു.

ഇദ്ദേഹം ഇപ്പോള്‍ വെന്റിലേറ്ററിലാണ്. പ്രമേഹം അനിയന്ത്രിതമായി തുടരുന്നത് രോഗിയുടെ നില കൂടുതല്‍ വഷളാക്കിയിട്ടുണ്ടെന്ന് മെഡിക്കല്‍ കോളേജ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Top