മതനിന്ദ; സ്വപ്‍നയുടെ അഭിഭാഷകനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി പൊലീസ് കേസ്

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‍ന സുരേഷിന്റെ അഭിഭാഷകൻ അഡ്വ. കൃഷ്ണ രാജിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. മതനിന്ദ നടത്തിയെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്. കെഎസ്ആർടിസി ബസ് ഡ്രൈവറെ അപകീർത്തിപ്പെടുത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ഇട്ടതിനാണ് കേസെടുത്തത്. മതവിദ്വേഷം ഉണ്ടാക്കാൻ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയിട്ടുണ്ട്. തൃശ്ശൂർ സ്വദേശിയായ അഭിഭാഷകൻ അനൂപ് വി.ആർ. നൽകിയ പരാതിയിലാണ് കേസെടുത്തത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ഇ മെയിൽ വഴി ലഭിച്ച പരാതിയിലാണ് കേസ്.

മതചിഹ്നങ്ങളും വേഷവും ധരിച്ച് കെഎസ്ആർടിസി ഡ്രൈവർ ബസ് ഓടിച്ചുവെന്ന് തെറ്റിദ്ധാരണ പരത്തുന്ന ഫോട്ടോ ഇദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ‘ഹൂറികളെ തേടിയുള്ള തീർത്ഥ യാത്ര. കൊണ്ടോട്ടിയിൽ നിന്നും കാബൂളിലേക്ക് പിണറായി സർക്കാർ ഒരുക്കിയ പ്രത്യേക സർവീസ്. ആട് മേക്കാൻ താല്പര്യം ഉള്ള ആർക്കും കേറാം. സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷം പ്രമാണിച്ചു പ്രവേശനം സൗജന്യം’.

ഈ തലക്കെട്ടോടെയെയായിരുന്നു അഡ്വ. കൃഷ്ണ രാജ് ഫോട്ടോ പങ്കുവച്ചത്. പിന്നീട് തിരുവനന്തപുരം തമ്പാനൂരിൽനിന്നു മാവേലിക്കരയിലേക്ക് പോകുന്ന ബസിൽ നിന്നെടുത്ത ചിത്രമാണിതെന്ന അവകാശവാദത്തോടെ ചിത്രം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ പ്രചാരണം ഏറ്റെടുത്തിരുന്നു.

Top