അതിരൂപത ആദായനികുതി വകുപ്പിന് പിഴയടച്ചു ; പ്രചാരണം തെറ്റാണെന്ന് സഭ

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത ആദായനികുതി വകുപ്പിന് പിഴയടച്ചു എന്ന രീതിയിലുള്ള പ്രചാരണം തെറ്റാണെന്ന് അതിരൂപത. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ അതിരൂപതയ്ക്ക് സ്ഥല വില്‍പനയിലൂടെ ലഭിച്ച വരുമാനത്തില്‍ സ്വാഭാവികമായി നല്‍കേണ്ട നികുതിയിനത്തിലെ ആദ്യഗഡുവായ 50 ലക്ഷം രൂപയാണ് കൊടുത്തത്.

വരുമാനം സംബന്ധിച്ച് നിയമപരമായി അതിരൂപത റിട്ടേണ്‍ സമര്‍പ്പിച്ചതിന്റെ ഭാഗമായി ആദായ നികുതി വകുപ്പ് നിര്‍ദേശിച്ച തുകയാണ് കഴിഞ്ഞ ദിവസം നല്‍കിയിട്ടുള്ളതെന്നും സഭ വാര്‍ത്താ കുറിപ്പ് ഇറക്കി.

എറണാകുളം അങ്കമാലി അതിരൂപതയുടെ കടം വീട്ടാന്‍ തൃക്കാക്കര ഭാരത് മാതാ കോളേജിന് സമീപത്തുള്ള 60 സെന്റ് ഭൂമിയാണ് ഇടനിലക്കാര്‍ വഴി വിറ്റത്. ഭൂമി വില്‍പന നടത്തിയതില്‍ കോടികളുടെ നികുതി വെട്ടിച്ചതിന് ആദായ നികുതി വകുപ്പ് കോടികളുടെ പിഴ ചുമത്തി എന്നായിരുന്നു ഇന്നലെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് യഥാര്‍ഥ കണക്കുകള്‍ മറച്ചുവച്ചുവെന്ന് കണ്ടത്തിയതിനെ തുടര്‍ന്നാണ് ആദായനികുതി വകുപ്പ് എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് പിഴ ചുമത്തിയത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ആദായനികുതി വകുപ്പ് ഇടനിലക്കാരുടെയും ഭൂമി വാങ്ങിയവരുടെയും വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് കര്‍ദിനാളില്‍ നിന്നും വൈദീകരില്‍ നിന്നും മൊഴി എടുക്കുകയും ചെയ്തു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഭൂമി ഇടപാട് സുതാര്യമല്ലെന്നും യഥാര്‍ഥ തുകയല്ല കണക്കില്‍ കാണിച്ചിരിക്കുന്നതെന്നും ആദായനികുതി വകുപ്പ് കണ്ടെത്തിയത്. പിഴയടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇടപാടുകാരന്‍ സാജു വര്‍ഗീസിനും സ്ഥലം വാങ്ങിയ ഗ്രൂപ്പിനും ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്.

ഇരുവരും 10 കോടി രൂപ വീതം പിഴ അടയ്ക്കാനാണ് നിര്‍ദേശം. സാജു വര്‍ഗീസിന്റെ സാമ്പത്തിക ഇടപാടുകള്‍ ആദായനികുതി വകുപ്പ് നേരത്തെ മരവിപ്പിച്ചിരുന്നു.

Top