കഴിഞ്ഞ സീസണിലെ പ്രകടനത്തെ കുറിച്ച് വാചാലനായി എര്‍ലിംഗ് ഹാലന്‍ഡ്

ലണ്ടന്‍ : കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ ഹാട്രിക് കിരീടത്തിലേക്ക് നയിച്ചത് എര്‍ലിംഗ് ഹാലന്‍ഡിന്റെ ഗോളടി മികവായിരുന്നു. ഹാലന്‍ഡ് 53 കളിയില്‍ 52 ഗോള്‍ നേടിയപ്പോള്‍ യുവേഫ ചാംപ്യന്‍സ് ലീഗ്, എഫ് എ കപ്പ്, പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍ സിറ്റിയുടെ ഷെല്‍ഫിലെത്തി. യൂറോപ്പിലെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട ഹാലന്‍ഡ് ഇത്തവണത്തെ ബാലോണ്‍ ഡി ഓര്‍ പുരസ്‌കാര നിര്‍ണയത്തില്‍ ലിയോണല്‍ മെസിയുടെ ഏറ്റവും വലിയ പ്രതിയോഗിയാണ്.

പലരും മെസിയുടേയും ക്രിസ്റ്റ്യാനോയുടേയും വിലയിരുത്തപ്പെടുന്ന താരമാണ് ഹാലന്‍ഡ്. അതിനെ കുറിച്ച് സംസാരിക്കുകയാണ് നോര്‍വീജിയന്‍ താരം. അദ്ദേഹത്തിന്റെ വാക്കുകള്‍… ”ലിയോണല്‍ മെസിയുടെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പിന്‍ഗാമിയാവുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. ഫുട്‌ബോളില്‍ തന്റേതായ സ്ഥാനം ഉറപ്പാക്കുകയാണ് ലക്ഷ്യം. ബാലോണ്‍ ഡി ഓറിന് അടുത്തെത്തുന്ന പ്രകടനം കഴിഞ്ഞ സീസണില്‍ താന്‍ നടത്തിയിട്ടുണ്ടെന്നാണ് വിശ്വാസം. യുവതാരമായ തനിക്ക് മെസിയുടെ അടുത്ത് എത്താന്‍ കഴിഞ്ഞിട്ടുണ്ട്.” ഹാലന്‍ഡ് പറഞ്ഞു.

ബാലോണ്‍ ഡി ഓര്‍ പുരസ്‌കാരത്തെ കുറിച്ചും ഹാലന്‍ഡ് സംസാരിച്ചു. ”ബാലോണ്‍ ഡി ഓര്‍ പുരസ്‌കാരം ഇത്തവണ തന്നെ തേടിയെത്തുമോയെന്ന് ഉറപ്പില്ല. പക്ഷേ, തനിക്ക് മുന്നില്‍ ഇനിയും അവസരങ്ങളുണ്ട്. മെസിയും റൊണാള്‍ഡോയും അസാധാരണ മികവ് പുറത്തെടുത്തവരാണ്. ഇപ്പോഴും അവരത് തുടരുന്നു. ആരുടേയും പിന്‍ഗാമിയാവാന്‍ ആഗ്രഹിക്കുന്നില്ല. ഫുട്‌ബോളില്‍ എക്കാലത്തും ഓര്‍മിക്കു താരമായി മാറുകയാണ് തന്റെ ലക്ഷ്യം. ഇതിനായി ഓരോ ദിവസവും കഠിനപരിശീലനം നടത്തുന്നുണ്ട്.” ഹാലന്‍ഡ് പറഞ്ഞു.

കഴിഞ്ഞ സീസണില്‍ ബൊറൂസ്യ ഡോര്‍ട്ട്മുണ്ടില്‍ നിന്നാണ് മാഞ്ചസ്റ്റര്‍ സിറ്റി എര്‍ലിംഗ് ഹാലന്‍ഡിനെ സ്വന്തമാക്കിയത്. അടുത്തിടെ യുവേഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം ഹാലന്‍ഡ് നേടിയിരുന്നു. മെസിയെ പിന്തള്ളിയാണ് നേട്ടം.

Top