ചാമ്പ്യന്‍സ് ലീഗ് അരങ്ങേറ്റത്തില്‍ തന്നെ ഹാട്രിക്ക് നേടി ഹാലന്‍ഡ്

ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ് പോരാട്ടത്തില്‍ ഓസ്ട്രിയന്‍ ക്ലബ്ബ് റെഡ്ബുള്‍ സാല്‍സ്ബര്‍ഗും ബെല്‍ജിയം ക്ലബ്ബ് ഗെന്‍കും തമ്മിലുള്ള മത്സരത്തില്‍ ഹാട്രിക്ക് നേടി എര്‍ലിങ് ബ്രൗട്ട് ഹാലന്‍ഡ്. റെഡ്ബുള്‍ സാല്‍സ്ബര്‍ഗിന്റെ നോര്‍വീജിയന്‍ സ്ട്രൈക്കറാണ് ഈ പത്തൊന്‍പതുകാരന്‍. ഹാലന്‍ഡിന്റെ ചാമ്പ്യന്‍സ് ലീഗ് അരങ്ങേറ്റത്തിലാണ് റെക്കോര്‍ഡ് ബുക്കില്‍ താരം പേരു ചേര്‍ത്തിരിക്കുന്നത്.

വെയ്ന്‍ റൂണിക്കു ശേഷം ചാമ്പ്യന്‍സ് ലീഗ് അരങ്ങേറ്റത്തില്‍ തന്നെ ഹാട്രിക്ക് നേടുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഹാലന്‍ഡ്. 2004-ലായിരുന്നു റൂണിയുടെ നേട്ടം. മത്സരം തുടങ്ങി 102-ാം സെക്കന്‍ഡില്‍ തന്നെ ഹാലന്‍ഡ്, ഗെന്‍ക് വലകുലുക്കി. തുടര്‍ന്ന് 34, 45 മിനിറ്റുകളിലും സ്‌കോര്‍ ചെയ്ത ഹാലന്‍ഡ് ആദ്യ പകുതിയില്‍ തന്നെ ഹാട്രിക്കും തികച്ചു. ഹാലന്‍ഡിന്റെ മികവില്‍ രണ്ടിനെതിരേ ആറു ഗോളുകള്‍ക്കാണ് സാല്‍സ്ബര്‍ഗ്, ഗെന്‍കിനെ തകര്‍ത്തത്.

ഈ സീസണില്‍ ഇതുവരെ സാല്‍സ്ബര്‍ഗിനായി ഒമ്പത് മത്സരങ്ങളില്‍ നിന്ന് 17 ഗോളുകള്‍ ഹാലന്‍ഡ് സ്‌കോര്‍ ചെയ്തു കഴിഞ്ഞു നോര്‍വെയുടെ അണ്ടര്‍ 20 ടീമില്‍ അംഗമായ ഹാലന്‍ഡ് കഴിഞ്ഞ അണ്ടര്‍ 20 ലോകകപ്പില്‍ ഹോണ്ടുറാസിനെതിരേ നടന്ന മത്സരത്തില്‍ നോര്‍വെയ്ക്കായി ഒമ്പത് ഗോളുകളാണ് അടിച്ചുകൂട്ടിയത്.

Top