അനില്‍ അംബാനിയെ രാജ്യം വിടാന്‍ അനുവദിക്കരുതെന്ന് സ്വീഡിഷ് കമ്പനി

ന്യൂഡല്‍ഹി: അനില്‍ അംബാനി 500 കോടി രൂപ തങ്ങള്‍ക്ക് നല്‍കാനുണ്ടെന്ന് ചൂണ്ടിക്കാട്ടി സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്‌സണ്‍ സുപ്രീംകോടതിയെ സമീപിച്ചു. നീതി ലഭിക്കണമെങ്കില്‍ അനില്‍ അംബാനിയും കമ്പനിയിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരും വിദേശത്തേക്ക് കടക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് കമ്പനി കോടതിയിലെത്തിയത്.

1600 കോടി രൂപയായിരുന്നു അനില്‍ അംബാനി എറിക്‌സണ് നല്‍കാനുണ്ടായിരുന്നത്. പിന്നീട് ഇത് 500 കോടി രൂപയാക്കി സ്വീഡിഷ് കമ്പനി ഇളവ് ചെയ്ത് നല്‍കിയിരുന്നു. ഈ പണം നല്‍കാനുള്ള അവസാന തിയതി സെപ്തംബര്‍ 30 ന് അവസാനിച്ചിരുന്നു. എന്നാല്‍ അവസാന തിയതിയും പണം ലഭിക്കാതെ വന്നതോടെയാണ് സ്വീഡിഷ് കമ്പനി കോടതിയെ സമീപിച്ചത്.രാജ്യത്തെ നിയമ വ്യവസ്ഥയോട് അല്‍പം പോലും അനില്‍ അംബാനിയ്ക്ക്് ബഹുമാനമില്ലെന്നും വാഗ്ദാന ലംഘനത്തിന് കോടതി നടപടി സ്വീകരിക്കണമെന്നും എറിക്‌സണ്‍ ആവശ്യപ്പെട്ടു.

അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് കമ്പനിയാണ് എറിക്‌സണിന് വന്‍ തുക നല്‍കാനുള്ളത്. അതേസമയം എറിക്സണ്‍ നല്‍കിയ പരാതി അനവസരത്തിലുള്ളതാണെന്നും പണം നല്‍കാന്‍ 60 ദിവസത്തെ സാവകാശംകൂടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിലയന്‍സ് കമ്യൂണിക്കേഷന്‍ അറിയിച്ചു.സഹോദരനായി മുകേഷ് അംബാനിയുടെ ജിയോയുമായി സ്‌പെക്ട്രം , ടവര്‍, കേബിളുകള്‍ എന്നിവയുടെ വില്‍പനയ്ക്ക് ധാരണയായിരുന്നെന്നും എന്നാല്‍ ടെലികോം മന്ത്രാലയത്തിന്റെ നിര്‍ദേശമാണ് വില്‍പനയ്ക്ക് തടസമാവുന്നതുമെന്നാണ് റിലയന്‍സ് കമ്യൂണിക്കേഷന്റെ വാദം. സ്‌പെക്ട്രം ഉപയോഗിക്കുന്നതിന് മുന്‍പ് 2900 കോടിയുടെ ബാങ്ക് ഗാരന്റി നല്‍കണമെന്നാണ് ടെലികോം മന്ത്രാലയത്തിന്റെ നിര്‍ദേശം.

Top