എറിക്ക് ഗാർസെറ്റി ഇന്ത്യയിലെ പുതിയ അമേരിക്കൻ അംബാസഡർ

ന്യൂയോര്‍ക്ക്: ഇന്ത്യയിലെ പുതിയ അമേരിക്കൻ അംബാസഡർ ആയി എറിക്ക് ഗാർസെറ്റി ചുമതലയേൽക്കും. ഗാർസെറ്റിയുടെ നിയമനത്തിന് യുഎസ് സെനറ്റ് അനുമതി നൽകി. രണ്ട് വർഷമായി ഗാർസെറ്റിയുടെ നിയമനം സെനറ്റിന്റെ പരിഗണനയിലായിരുന്നു. ലോസ് ആഞ്ജലസ് നഗരത്തിന്റെ മുൻ മേയറാണ് എറിക്ക് ഗാർസെറ്റി. മേയർ ആയിരുന്ന കാലത്ത് തന്റെ ഓഫീസിലെ ജീവനക്കാർക്കെതിരെയുണ്ടായ ലൈംഗിക ആരോപണങ്ങളിൽ ഗാർസെറ്റി അച്ചടക്ക നടപടികൾ സ്വീകരിക്കാതിരുന്നത് വലിയ വിവാദമായിരുന്നു.

ഇതിനെ തുടർന്നാണ് അംബാസഡർ നിയമനത്തിന് സെനറ്റിൽ തടസ്സം നേരിട്ടത്. പ്രസിഡന്റ് ബൈഡന്റെ വിശ്വസ്തനാണ് എറിക്ക് ഗാർസെറ്റി. 2021ലാണ് എറിക്കിന് ആദ്യ നോമിനേഷന്‍ നല്‍കിയത്. എന്നാല്‍ ഇതിന് അംഗീകാരം ലഭിക്കാതെ വന്നതിന് പിന്നാലെ ഈ വര്‍ഷം ജനുവരിയില്‍ വീണ്ടും നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയായിരുന്നു. 12 വര്‍ഷത്തോളം അമേരിക്കന്‍ നാവിക സേനയിലെ ഓഫീസറായിരുന്ന എറിക് കോളേജ് അധ്യാപകനായും ജോലി ചെയ്തിട്ടുണ്ട്.

2013 മുതല്‍ 2022 വരെ ലോസ് ആഞ്ജലസിന്‍റെ 42ാം മേയറായിരുന്നു എറിക്. സുഹൃത്തും ഉപദേശകനുമായ റിക് ജേക്കബിനെതിരായ പരാതിയിലാണ് എറിക് തണുപ്പന്‍ സമീപനമെടുത്തത്, 42നെതിരെ 54 വോട്ടുകള്‍ നേടിയാണ് എറിക് ഈ പദവിയിലേക്ക് എത്തുന്നത്. 2021 മുതല്‍ ദില്ലിയില്‍ അമേരിക്കയ്ക്ക് അംബാസിഡര്‍ ഉണ്ടായിരുന്നില്ല.

Top