വെടിനിര്‍ത്തല്‍ അവസാനിപ്പിക്കാന്‍ എല്ലാവരും പിന്തുണച്ചിട്ടും യു.എസ് വീറ്റോ ചെയ്യുന്നത് എന്ത് നീതി? :തുര്‍ക്കി പ്രസിഡന്റ

ഇസ്താംബൂള്‍: ഗസ്സയിലെ വെടിനിര്‍ത്തല്‍ അവസാനിപ്പിക്കാന്‍ മറ്റെല്ലാ രാജ്യങ്ങളും ആവശ്യപ്പെടുമ്പോള്‍ യു.എസ് വീറ്റോ ചെയ്യുന്നത് എന്ത് നീതിയാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. യു.എസിന് വീറ്റോ ചെയ്യാന്‍ കഴിയാത്ത തരത്തില്‍ യു.എന്‍ രക്ഷാസമിതി പരിഷ്‌കരിക്കണമെന്നും ഇസ്താംബൂളില്‍ നടന്ന മനുഷ്യാവകാശ സമ്മേളനത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ തങ്ങള്‍ക്കുള്ള പ്രതീക്ഷ നഷ്ടപ്പെട്ടതായും ഉര്‍ദുഗാന്‍ കൂട്ടിച്ചേര്‍ത്തു. ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന യു.എന്‍ സെക്രട്ടറി ജനറലിന്റെയും രക്ഷാസമിതിയുടെയും പ്രമേയം അമേരിക്ക വീറ്റോചെയ്തതിനെ തുടര്‍ന്ന് രക്ഷാസമിതിയില്‍ പാസായിരുന്നില്ല. 55 രാജ്യങ്ങളുടെ പിന്തുണയോടെ യു.എ.ഇ കൊണ്ടുവന്ന കരട് പ്രമേയമാണ് അമേരിക്കയുടെ വീറ്റോ അധികാരത്തില്‍ തള്ളിപ്പോയത്.

15 അംഗ രക്ഷാസമിതിയില്‍ 13 രാജ്യങ്ങള്‍ പ്രമേയത്തിനു അനുകൂലമായി വോട്ടു ചെയ്തു. ബ്രിട്ടന്‍ വിട്ടുനിന്നു. ഗസ്സയില്‍ ഇസ്രായേലിന്റെ മനുഷ്യക്കുരുതി രണ്ടുമാസം പിന്നിട്ടതോടെയാണ് വെടിനിര്‍ത്തല്‍ ആവശ്യപ്പെടാന്‍ യു.എന്‍ ചാര്‍ട്ടറിലെ 99ാം അനുച്ഛേദ പ്രകാരം സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ പ്രത്യേകാധികാരം പ്രയോഗിച്ച് അടിയന്തര രക്ഷാസമിതി വിളിച്ചുചേര്‍ത്തത്.

ഗസ്സയിലെ ജനങ്ങളുടെ നരകയാതന അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം എന്തെങ്കിലും ചെയ്‌തേ പറ്റൂ എന്നും ലോകവും ചരിത്രവും എല്ലാം കാണുന്നുണ്ടെന്നും ഇത് പ്രവര്‍ത്തിക്കാനുള്ള സമയമാണെന്നും ഗുട്ടെറസ് പറഞ്ഞിരുന്നു. നിലവില്‍ വെടിനിര്‍ത്തല്‍ ഉണ്ടായാല്‍ ഹമാസിനാകും ഗുണം ചെയ്യുകയെന്ന് പറഞ്ഞാണ് അമേരിക്ക പ്രമേയത്തെ വീറ്റോ ചെയ്തത്.

‘ഇസ്രായേലിനും ഫലസ്തീനും സമാധാനത്തിലും സുരക്ഷിതത്വത്തിലും ജീവിക്കാന്‍ കഴിയുന്ന സമാധാന അന്തരീക്ഷത്തെ യു.എസ് ശക്തമായി പിന്തുണക്കുന്നുണ്ടെങ്കിലും ഉടനടി വെടിനിര്‍ത്തലിനുള്ള ആഹ്വാനത്തെ ഞങ്ങള്‍ പിന്തുണക്കുന്നില്ല. ഇത് അടുത്ത യുദ്ധത്തിനുള്ള വിത്ത് പാകുകയേ ഉള്ളൂ. കാരണം ശാശ്വതമായ സമാധാനം കാണാനും ദ്വിരാഷ്ട്ര പരിഹാരം കാണാനും ഹമാസിന് ആഗ്രഹമില്ല’ -യു.എന്നിലെ യു.എസ് ഡെപ്യൂട്ടി അംബാസഡര്‍ റോബര്‍ട്ട് വുഡ് പറഞ്ഞു. അതേസമയം, സാധാരണക്കാരുടെ സംരക്ഷണവും ഹമാസിന്റെ കൈയിലുള്ള ബന്ദികളെ മോചിപ്പിക്കാനുമായി യുദ്ധം താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതിനെ തങ്ങള്‍ പിന്തുണക്കുന്നതായും അമേരിക്ക അറിയിച്ചു.

Top