രാജീവ് ​ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: രാജീവ് ​ഗാന്ധി വധക്കേസിൽ പ്രതിക്ക് ജാമ്യം. 32 വർഷത്തെ തടവും ജയിലിലെ നല്ലനടപ്പും പരിഗണിച്ചാണ് പ്രതി പേരറിവാളന് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ജാമ്യ വ്യവസ്ഥകൾ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രിംകോടതി വ്യക്തമാക്കി.

പേരറിവാളന്റെ ജയിൽ മോചനത്തിനായുള്ള തമിഴ്‌നാട് സർക്കാർ ശുപാർശ ചെയ്തിരുന്നു. എന്നാൽ, ശുപാർശക്ക് അം​​ഗീകാരം നൽകാൻ രണ്ടുവർഷക്കാലം വൈകിയ സാഹചര്യത്തിൽ ​ഗവർണറെ കോടതി വിമർശിച്ചു.

തങ്ങളുടെ അധികാര പരിധിക്ക് കീഴിലുള്ള കാര്യമല്ലാത്തതിനാൽ ഗവർണറുടെ നടപടിയിൽ ഇടപെടുന്നില്ല. എന്നാലും, ഗവർണറുടെ നിലപാടിൽ കോടതിക്ക് അതൃപ്തിയുണ്ടെന്നും സുപ്രിംകോടതി വ്യക്തമാക്കി.പേരറിവാളൻ നിലവിൽ പരോളിലാണെങ്കിലും വീട്ടിൽ നിന്ന് പുറത്തേക്ക് പോലും ഇറങ്ങാൻ കഴിയില്ലെന്ന വ്യവസ്ഥകളെ പ്രതിഭാഗം കോടതിയിൽ ചോദ്യം ചെയ്യുകയായിരുന്നു.

2018 സെപ്തംബർ 9 ന് പേരറിവാളനെ മോചിപ്പിക്കാൻ തമിഴ്‌നാട് സർക്കാരിന്റെ മന്ത്രിസഭാ കൗൺസിൽ ശുപാർശ ചെയ്തിരുന്നു. രണ്ട് വർഷത്തിനുശേഷം ഗവർണർ ഇത് രാഷ്ട്രപതിക്ക് കൈമാറുകയായിരുന്നു.രാജീവ് ഗാന്ധിയെ വധിക്കാനുള്ള ബോംബ് നിർമാണത്തിനായി രണ്ട് ബാറ്ററി എത്തിച്ചുകൊടുത്തെന്ന കുറ്റമാണ് പേരറിവാളനെതിരെ ചുമത്തിയത്.

പേരറിവാളൻ അടക്കം കേസിൽ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുന്ന ഏഴ് പ്രതികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നൽകിയ ശുപാർശ രാഷ്ട്രപതിയുടെ പരിഗണനയിലാണ്.

 

 

Top