EQG 560, EQG 580 പേരുകൾ വ്യാപാരമുദ്രക്ക് സമർപ്പിച്ച് മെർസിഡീസ്

ർമൻ ആഢംബര വാഹന നിർമാതാക്കളെല്ലാവരും ഇലക്‌ട്രിക് കാറുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ആഗോളതലത്തിൽ തന്നെ ഇവി സെഗ്മെന്റിൽ തരംഗം സൃഷ്‌ടിച്ച് മുന്നേറുന്ന മെർസിഡീസ് ബെൻസ് തങ്ങളുടെ ജനപ്രിയ G-ക്ലാസ് എസ്‌യുവികളേയും ഇതേ പാതയിലേക്ക് എത്തിക്കുകയാണ്.

അതായത് G-ക്ലാസ് എസ്‌യുവികളുടെ ഇലക്ട്രിക് പതിപ്പും ഉടൻ തന്നെ വിപണിയിൽ എത്തുമെന്ന് സാരം. നിലവിൽ ഇതിന്റെ അണിയറ പ്രവർത്തനത്തിലാണ് മെർസിഡീസ്. ഇതിന്റെ ഭാഗമായി ബെൻസിന്റെ മാതൃ കമ്പനിയായ ഡെയിംലർ എജി രണ്ട് പേരുകൾ ട്രേഡ് മാർക്കിനായി സമർപ്പിച്ചിരിക്കുകയാണ്.

EQS പോലുള്ള പുതിയ മോഡലുകൾ മാത്രമല്ല നിലവിലുള്ള ആന്തരിക ജ്വലന എഞ്ചിൻ മോഡലുകളുടെ ഇലക്ട്രിക് വേരിയന്റുകളെ അവതരിപ്പിക്കുന്നതിനായുള്ള കമ്പനിയുടെ പദ്ധതികൾ ഇതിനോടകം തന്നെ ഏറെ ചർച്ചയായി മാറിയിട്ടുണ്ട്.

EQG 560, EQG 580 എന്നീ രണ്ട് പേരുകളാണ് വ്യാപാരമുദ്രയ്ക്കായി ഡെയിംലർ എജി 2021 ഏപ്രിൽ ഒന്നിന് ഫയൽ ചെയ്തിരിക്കുന്നത്. അപേക്ഷ പ്രകാരം രണ്ട് പേരുകളും ‘മോട്ടോർ വാഹനങ്ങളും അതിന്റെ ഭാഗങ്ങളും’ ക്ലാസിഫിക്കേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഒരിക്കൽ അവതരിപ്പിച്ച പുതിയ മെർസിഡീസ് ബെൻസ് G-ക്ലാസ് ഇലക്ട്രിക് എസ്‌യുവി ബ്രാൻഡിന്റെ ‘EQ’ ശ്രേണിയുടെ ഭാഗമാകാം. G-വാഗണിന്റെ ഒരു ഇലക്ട്രിക് പതിപ്പിന്റെ ആമുഖവും ഭാവിയിലെ ഉൽ‌പ്പന്നങ്ങളെ വൈദ്യുതീകരിക്കാനുള്ള ബ്രാൻഡിന്റെ സ്വന്തം പദ്ധതികൾക്ക് അനുസൃതമാണിത്.

മെർസിഡീസ് ബെൻസ് 2016 മുതൽ EQG പദ്ധതിയിൽ പ്രവർത്തിച്ചു വരികയാണ്. അതേ വർഷത്തിന്റെ തുടക്കത്തിലാണ് ജർമൻ ബ്രാൻഡ് ഈ പേര് യഥാർഥത്തിൽ രജിസ്റ്റർ ചെയ്തതും. ഇപ്പോൾ ഇ-എസ്‌യുവിയുടെ വേരിയന്റുകൾക്കായുള്ള ഫയലിംഗാണിത്.

വരാനിരിക്കുന്ന ഇലക്ട്രിക് എസ്‌യുവിയുടെ പേരിനായുള്ള ട്രേഡ്മാർക്ക് ഫയലിംഗിനുപുറമെ മറ്റ് വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും മെർസിഡീസ് ബെൻസ് G-ക്ലാസിന്റെ പുതിയ ഇലക്ട്രിക് പതിപ്പ് ഒരു പുതിയ ആർക്കിടെക്ചറിനൊപ്പം വരുമെന്ന് പ്രതീക്ഷിക്കാം.

അതുപോലെ തന്നെ ഇലക്‌ട്രിക് പതിപ്പിനായുള്ള മറ്റ് മാറ്റങ്ങളും അപ്‌ഡേറ്റുകളും വാഹനത്തിലുണ്ടാകുമെന്നും ഉറപ്പിക്കാം. 2030 ഓടെ ഇലക്‌ട്രിക് വാഹനങ്ങളുടെ ആഗോള വിൽപ്പനയുടെ 50 ശതമാനത്തിലധികം ലക്ഷ്യം കൈവരിക്കാനുള്ള പദ്ധതിയുമായാണ് മെർസിഡീസ് മുന്നോട്ടുപോകുന്നത്.

ബെൻസ് തങ്ങളുടെ വാഹന നിര വൈദ്യുതീകരിക്കാൻ തയാറായിരിക്കുമ്പോൾ സമീപഭാവിയിൽ EQG എസ്‌യുവി ഇന്ത്യയിലും എത്തുമെന്ന് പ്രതീക്ഷിക്കാം. വാഹന നിർമാതാവ് ഇതിനകം തന്നെ രാജ്യത്ത് EQC അവതരിപ്പിച്ച് വൻഹിറ്റാക്കി മാറ്റിയിരുന്നു.

Top