ബ്രിട്ടീഷ് മലയാളി സഹായധനം 200 നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക്

തിരുവനന്തപുരം: ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ 40 ലക്ഷം രൂപ കേരളത്തിലെ പാവപ്പെട്ട 200 നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി. ബ്രിട്ടനില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളുടെ ചാരിറ്റി സംഘടനയാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍. സ്‌കൈ ഡൈവിംഗ് നടത്തി ശേഖരിച്ച 40 ലക്ഷം രൂപയാണ് കേരളത്തില്‍ പാവപ്പെട്ട നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തത്.

ഇതോടൊപ്പം അഞ്ചു നിര്‍ധന രോഗികള്‍ക്ക് ഓരോ ലക്ഷം രൂപ വീതവും നല്‍കി. തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളില്‍ (വിജെടി ഹാള്‍) രാവിലെ 11.30ന് നടന്ന പരിപാടിയില്‍ ചാരിറ്റി സംഘടനയായ ആവാസിന്റെ ഉദ്ഘാടനവും പത്തനാപുരം ഗാന്ധി ഭവന്‍ സ്ഥാപകന്‍ ഡോ. പുനലൂര്‍ സോമരാജനെ ആദരിക്കുന്ന ചടങ്ങും നടന്നു. വ്യവസായ മന്ത്രി ഇ പി ജയരാജന്‍, കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മേയര്‍ കെ ശ്രീകുമാര്‍, അനില്‍ അക്കര എംഎല്‍എ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

പരിപാടിയോടനുബന്ധിച്ച് രാവിലെ പത്തു മുതല്‍ പതിനൊന്നു വരെ പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് സംവാദവും സംഘടിപ്പിച്ചിരുന്നു. സാമൂഹ്യ പ്രവര്‍ത്തകനായ ശ്രീജിത്ത് പണിക്കര്‍, ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ്, അനില്‍ അക്കര എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാല എന്നിവര്‍ സംവാദത്തില്‍ പങ്കെടുത്തു. മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയ മോഡറേറ്റര്‍ ആയിരുന്നു.

Top