EPFO

ന്യൂഡല്‍ഹി: നിഷ്‌ക്രിയ അക്കൗണ്ടുകളിലെ നിക്ഷേപത്തിന് പലിശ നല്‍കുന്ന കാര്യം എംപ്‌ളോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ) ഇന്ന് പരിഗണിക്കാന്‍ സാധ്യത. 201516 വര്‍ഷത്തെ സാമ്പത്തിക സര്‍വെ പ്രകാരം രാജ്യത്തെ 15 കോടി തൊഴിലാളികളില്‍ ഒമ്പത് കോടിയോളം പേരുടെ ഏകദേശം 44,000 കോടി രൂപ നിഷ്‌ക്രിയമായി കിടക്കുകയാണ്.

തൊഴില്‍ ദാതാവോ തൊഴിലാളിയോ 36 മാസമായി പണമിടപാടുകള്‍ നടത്താത്ത അക്കൗണ്ടുകളാണ് നിഷ്‌ക്രിയ അക്കൗണ്ടുകളായി പരിഗണിക്കുന്നത്.

പണം പിന്‍വലിച്ചോ ട്രാന്‍സ്ഫര്‍ ചെയ്‌തോ നിഷ്‌ക്രിയ അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി 2011ഏപ്രില്‍ ഒന്നു മുതല്‍ ഇവക്ക് പലിശ നല്‍കുന്നത് ഇ.പി.എഫ്.ഒ റദ്ദാക്കിയിരുന്നു. കൂടാതെ നിക്ഷേപ തുക പിന്‍വലിക്കുന്നതിനുള്ള ഉപാധികളും ഇ.പി.എഫ്.ഒ കര്‍ശനമാക്കിയിട്ടുണ്ട്.

ദേശീയ തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് പ്രകാരം ഒരാള്‍ രണ്ടു മാസത്തിലധികം ജോലിയില്ലാതെ ഇരിക്കുകയും പി.എഫില്‍ നിന്ന് പണം പിന്‍വലിക്കുകയുമാണെങ്കില്‍ വ്യക്തിഗത നിക്ഷേപവും അതിന്റെ പലിശയും മാത്രമേ ലഭിക്കുകയുള്ളൂ. തൊഴില്‍ ദാതാവ് നല്‍കുന്ന ഓഹരി ഈ സമയത്ത് ലഭ്യമാവുകയില്ല. ഇത് ലഭിക്കണമെങ്കില്‍ തൊഴിലാളിക്ക് 58 വയസാവണം.

തൊഴിലാളികള്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഭേദഗതി വരുത്താനും സമിതി നിര്‍ദേശിക്കും. ഇതുപ്രകാരം 3.6 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ഇതിനായി പി.എഫ് അക്കൗണ്ട് ഇന്‍ഷുറന്‍സുമായി ബന്ധിപ്പിക്കുകയും അടിസ്ഥാന ശമ്പളത്തിന്റെ 0.5 ശതമാനം പ്രീമിയമായി നല്‍കുകയും ചെയ്യണം. ജോലി ഉപേക്ഷിച്ചാല്‍ ഈ ആനുകൂല്യം ലഭിക്കുകയില്ല.

Top