ep jayarajan vigilance enquiry

തിരുവനന്തപുരം; ബന്ധുനിയമനക്കേസില്‍ ഇ.പി ജയരാജനെതിരെ തുടരന്വേഷണത്തിന് അനുമതി. ജയരാജനെ ഒന്നാം പ്രതിയാക്കിയുള്ള എഫ് ഐ ആര്‍ കോടതി സ്വീകരിച്ചു.

എഫ്‌ഐആര്‍ സമര്‍പ്പിച്ചതിനാല്‍ ജയരാജനെതിരായ പരാതിയില്‍ തീര്‍പ്പുണ്ടാക്കിയ കോടതി, കേസില്‍ തുടരന്വേഷണം നടത്താന്‍ നിര്‍ദേശിച്ചു. അന്വേഷണം പൂര്‍ത്തിയാക്കിയശേഷം പരാതി വീണ്ടും പരിഗണിക്കും. അന്വേഷണം ശരിയായ ദിശയില്‍പോകുന്നതായി വിജിലന്‍സ് കോടതിയെ അറിയിച്ചിട്ടുണ്ട്.

അധികാരം ദുര്‍വിനിയോഗം ചെയ്തു നടത്തിയ ബന്ധു നിയമന ഗൂഢാലോചനയില്‍ പങ്കുണ്ടെന്നു വിജിലന്‍സിന്റെ ത്വരിത പരിശോധനയില്‍ കണ്ടെത്തിയ സാഹചര്യത്തിലാണു സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ ഇ.പി. ജയരാജനെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്. ജയരാജനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

ഗൂഢാലോചനയില്‍ പങ്കുണ്ടെന്നു കണ്ടെത്തിയ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി എംപിയുടെ മകന്‍ പി.കെ. സുധീര്‍ നമ്പ്യാര്‍ കേസിലെ രണ്ടാം പ്രതിയും വ്യവസായ അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി മൂന്നാം പ്രതിയുമാണ്.

ബന്ധുനിയമന കേസുമായി ബന്ധപ്പെട്ടു മൂന്നു പേര്‍ക്കുമെതിരേ വിശദമായ അന്വേഷണം ആവശ്യമാണെന്നും തെളിവുകളായി കൂടുതല്‍ ഫയലുകള്‍ പിടിച്ചെടുക്കേണ്ടതുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്പി കെ. ജയകുമാര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

സുധീര്‍ നമ്പ്യാരുടെ നിയമനവുമായി ബന്ധപ്പെട്ട ഫയലില്‍ വ്യവസായ മന്ത്രിയായിരുന്ന ജയരാജനും സെക്രട്ടറിയായ പോള്‍ ആന്റണിയും ഒപ്പിട്ടിട്ടുണ്ടെന്നാണു വിജിലന്‍സ് ത്വരിത പരിശോധനയിലെ കണ്ടെത്തല്‍.

ബന്ധുനിയമന കേസ് വിവാദമായതോടെയാണു വ്യവസായ മന്ത്രി ഇ.പി. ജയരാജനു മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നത്.

Top