ജയരാജന്‍ ഇന്ന് അധികാരമേല്‍ക്കും ; മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്ന രണ്ടാമന്‍

jayarajn_ep

തിരുവനന്തപുരം: ബന്ധുനിയമനകേസില്‍ കുരുങ്ങി രാജിവെച്ച സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജന്‍ ഇന്ന് മന്ത്രിപദത്തില്‍ തിരിച്ചെത്തും. പിണറായി മന്ത്രിസഭയിലെ ഇരുപതാമതു മന്ത്രിയായാണ് ഇ.പി.ജയരാജന്‍ ഇന്ന് അധികാരമേല്‍ക്കുക.

രാജ്ഭവനില്‍ രാവിലെ 10നു ഗവര്‍ണര്‍ പി.സദാശിവം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും.

അതേസമയം, ജയരാജനെ മന്ത്രിസഭയിലേക്കു തിരിച്ചുകൊണ്ടുവരുന്നതില്‍ അധാര്‍മികത ആരോപിച്ചു പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിരുന്നു. ഇ.പി ജയരാജനെ വീണ്ടും മന്ത്രിയാക്കുന്നതിലെ ധാര്‍മ്മികത എന്തെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചിരുന്നു.

നേരത്തെ, മന്ത്രിസഭാ പുനഃസംഘടനയ്ക്കുള്ള സിപിഎം നിര്‍ദേശത്തിന് ഇടതുമുന്നണി യോഗം അംഗീകാരം നല്‍കിയതായി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ അറിയിച്ചിരുന്നു. മഴക്കെടുതിയില്‍ സംസ്ഥാനം ദുരിതം അനുഭവിക്കുന്ന സാഹചര്യത്തില്‍ യാതൊരു ആഘോഷങ്ങളും ഇല്ലാതെയാകും സത്യപ്രതിജ്ഞ.

സത്യപ്രതിജ്ഞയ്ക്ക് ശേഷം നടക്കുന്ന മന്ത്രിസഭാ യോഗത്തിലും ജയരാജന്‍ സംബന്ധിക്കും. ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് രാജിവെച്ച ജയരാജന്‍ ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മന്ത്രിപദത്തില്‍ തിരികെ എത്തുന്നത്. നേരത്തെ കൈകാര്യം ചെയ്തിരുന്ന വ്യവസായം, വാണിജ്യം, യുവജനക്ഷേമം, കായികം എന്നീ വകുപ്പുകള്‍ തന്നെയാണ് ജയരാജന് ലഭിക്കുക. മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്ന രണ്ടാമനാകും ജയരാജന്‍ .

Top