കെ-റെയില്‍ സര്‍വേ തുടരാമെന്ന സുപ്രീം കോടതി വിധി വികസന വിരോധികള്‍ക്ക് ഒരു താക്കീതാണെന്ന് ഇപി ജയരാജന്‍

EP Jayarajan

തിരുവനന്തപുരം: കെ-റെയില്‍ സര്‍വേ തുടരാമെന്ന സുപ്രീം കോടതി വിധി വികസന വിരോധികള്‍ക്ക് ഒരു താക്കീതാണെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജന്‍. സുപ്രീം കോടതി വിധിയെ പോലും തെറ്റായി വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നതെന്നും ഇപി ജയരാജന്‍ പറഞ്ഞു.

”കേരളത്തിന്റെ സമഗ്ര വികസനത്തിനും പുതിയ ഒരു കേരളം സൃഷ്ടിക്കുന്നതിനുമുള്ള അനുയോജ്യമായ പദ്ധതികള്‍ ഒരോന്നായി തകര്‍ത്ത പാരമ്ബര്യമാണ് യുഡിഎഫിനുള്ളത്. കേരള വിരോധികളും കേരളത്തിന്റെ സര്‍വ്വ മേഖലയുലുമുള്ള പുരോഗതിയെ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്ന വലതുപക്ഷ പിന്തിരിപ്പന്‍ ശക്തികളാണ് ഈ സമരത്തിന് പിന്നില്‍. വലിയ തോതില്‍ പണവും മറ്റ് സഹായങ്ങളും നല്‍കിയാണ് ഇക്കൂട്ടര്‍ കെറെയില്‍ വിരുദ്ധസമരം ശക്തിപ്പെടുത്തുന്നത്.”

”ദൃശ്യമാധ്യമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന വികസന വിരുദ്ധപ്രചാരണങ്ങളുടെ സ്രോതസ്സും മാധ്യമങ്ങളുടെ താല്പര്യങ്ങളും ഒരു പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. സാധാരണ നിലയില്‍ ഒരു മാധ്യമങ്ങളും നാടിന്റെ വികസനത്തെ എതിര്‍ക്കാറില്ല. പക്ഷേ ഇപ്പോള്‍ കേരളത്തിലെ ചില മാധ്യമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന അന്തിച്ചര്‍ച്ചകളും ബോധപൂര്‍വ്വമായ പ്രചരണങ്ങളും ഈ വികസന വിരോധത്തിന് പിന്നിലുള്ള വലതുപക്ഷ താല്പര്യങ്ങളെയാണ് ചൂണ്ടിക്കാണിക്കുന്നത്.” കേരളം വളര്‍ന്ന് വലുതാകുന്നതിനേയും സ്വയം പര്യാപ്തമായ ഒരു നാടായി മാറി ജനജീവിതം കൂടുതല്‍ മെച്ചപ്പെട്ട രീതിയിലേക്ക് മാറുന്നതിനേയും കേരളത്തെ പിഴിഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്ന വലതുപക്ഷ പിന്തിരിപ്പന്‍ ശക്തികളെ ഭയപ്പെടുത്തുന്നുണ്ടെന്ന് ഇപി ജയരാജന്‍ പറഞ്ഞു.

”വികസനത്തിന് പണമെവിടെ എന്ന് ചോദിച്ചാണ് ഇപ്പോഴത്തെ പ്രചാരവേല. ലോകത്തെ ഒരു രാജ്യവും അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കാതെ വളര്‍ന്നു വന്നിട്ടില്ല. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചെപ്പെടുത്തിയാല്‍ മാത്രമേ കേരളം വളരുകയുള്ളു. അടിസ്ഥാന സൗകര്യ വികസനത്തില്‍ ഒരു പ്രധാന ഘടകമാണ് യാത്രാ സൗകര്യ വികസനം. ടൂറിസ്റ്റുകളെയും വിദേശ വ്യാപാര മേഖലകളേയും ആകര്‍ഷിക്കാനും സംസ്ഥാനത്തെ തൊഴിലില്ലായ്മ ലഘൂകരിക്കാനുമെല്ലാം പുതിയ പദ്ധതികളും വികസനങ്ങളും ഉണ്ടാകണം. അതിനെല്ലാം ഉതകുന്ന ഒരു പ്രധാന പദ്ധതിയാണ് കെറെയില്‍.”

”പൊതുവെ, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ വളരെ കുറഞ്ഞ യാത്രാ മാര്‍ഗ്ഗമാണ് റെയില്‍വേ. പെട്രോള്‍, ഡീസല്‍ തുടങ്ങിയ ഇന്ധനങ്ങള്‍ ഉപയോഗിച്ച് റോഡുകളില്‍ ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണത്തിന്റെ 10 ശതമാനം പോലും റെയില്‍വേ ഗതാതത്തില്‍ ഉണ്ടാകുന്നില്ല. കേരളം മുഴുവന്‍ ഗതാഗത കുരുക്കുകളില്‍ നിന്നുള്ള മോചനം കൂടി കെറെയില്‍ സംവിധാനത്തിലൂടെ സാദ്ധ്യമാകും. അടിസ്ഥാന രംഗത്തെ വികസനത്തില്‍ വലിയ കുതിച്ചു ചാട്ടത്തിന് ഉതകുന്ന ഈ പദ്ധതി ഇല്ലായ്മ ചെയ്യുക എന്നതാണ് വലതുപക്ഷ ശക്തികളുടെ താല്പര്യം.”ഇപി ജയരാജന്‍ പറഞ്ഞു.

”കേരളത്തില്‍ നിരവധിയായ റോഡുകളും പാലങ്ങളുമെല്ലാം ഉണ്ട്. ഇവയെല്ലാം ഉണ്ടായിട്ടുള്ളത് ഏത് രീതിയിലാണെന്ന് ആ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നവര്‍ മനസ്സിലാക്കുന്നത് നല്ലതാണ്. ഇന്ന് മിക്ക വീടുകളിലേക്കും റോഡ് മാര്‍ഗ്ഗം എത്തിച്ചേരാനുള്ള സൗകര്യം ഉണ്ടായത് എങ്ങിനെയാണെന്ന് നാം മനസ്സിലാക്കണം. പരസ്പര വിശ്വാസത്തിന്റേയും സാഹോദര്യത്തിന്റേയും ഭാഗമായി പൊതു വളര്‍ച്ച ലക്ഷ്യമിട്ടുള്ള നീക്കങ്ങളിലൂടെയാണ് അവയെല്ലാം വളര്‍ന്നുവന്നിട്ടുള്ളത്. ബ്രിട്ടീഷ് ഗവണ്മെന്റ് കാലത്ത് റെയില്‍വേ ഉണ്ടായത് എങ്ങിനെയാണ്. ഇപ്പോള്‍ നാഷണല്‍ ഹൈവേയും മറ്റും വികസിപ്പിക്കുന്നതും രാജ്യത്തിന്റെ അഭിവൃദ്ധിപ്പെടുത്തുന്നതില്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. ഈ വികസനത്തെയെല്ലാം ഇല്ലായ്മ ചെയ്താലുള്ള കേരളത്തിന്റെ അവസ്ഥ എന്താകുമെന്ന് നമുക്ക് ഊഹിക്കാവുന്നതാണ്.”ഇപി ജയരാജന്‍ പറഞ്ഞു.

നാടിനെ കുറിച്ചും നാടിന്റെ വികസനത്തെ കുറിച്ചും ചിന്തിക്കുന്ന ഒരു കേരളീയനും ഈ പദ്ധതികളൊന്നും തടയാനാകില്ല. അതുകൊണ്ട് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലെങ്കിലും ഈ കാര്യങ്ങളെല്ലാം മനസ്സിലാക്കി, രാഷ്ട്രീയമായ എതിര്‍പ്പിനുവേണ്ടി മാത്രം സമരം ചെയ്ത് കേരളത്തിന്റെ അന്തരീക്ഷം മലീമസമാക്കാന്‍ നേതൃത്വം നല്‍കുന്ന നേതാക്കള്‍ അല്പമെങ്കിലും ഉയര്‍ന്ന് ചിന്തിക്കുന്നത് നല്ലതാണ്. ഈ വികസന വിരോധികളെ ചരിത്രം അതിന്റെ താളുകളില്‍ രേഖപ്പെടുത്തുമെന്നും ഇപി ജയരാജന്‍ പറഞ്ഞു.

Top