സില്‍വര്‍ ലൈന്‍ പദ്ധതിയെ ബുദ്ധിമാന്ദ്യം ബാധിച്ചവര്‍ മാത്രമെ എതിര്‍ക്കൂവെന്ന് ഇ.പി ജയരാജന്‍

EP Jayarajan

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയെ ബുദ്ധിമാന്ദ്യം ബാധിച്ചവര്‍ മാത്രമെ എതിര്‍ക്കൂവെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്‍. കെ റെയിലിന്റെ സര്‍വേ കല്ലിളക്കിയാല്‍ പല്ലു പോകുമെന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഇപി ജയരാജന്റെ പ്രസ്താവന.

സര്‍വേ കല്ല് പിഴുതാല്‍ കെറെയില്‍ വരില്ലെന്നാണ് ചിലരുടെ ധാരണ. കെ-റെയില്‍ കേരളത്തിന്റെ സമഗ്ര വികസനത്തിനുള്ളതാണെന്നും പദ്ധതി യാഥാര്‍ഥ്യമാകുമെന്നും ജയരാജന്‍ പറഞ്ഞു.

വിവരദോഷികളും ദീര്‍ഘവീക്ഷണമില്ലാത്തവരും എടുത്തുചാട്ടക്കാരും വകതിരിവില്ലാത്തവരുമൊക്കെ രാഷ്ട്രീയ നേതൃത്വത്തില്‍ വന്നാല്‍ ഇങ്ങനെ പല വിഡ്ഢിത്തങ്ങളും ചെയ്യും. കെ റെയില്‍ പദ്ധതിയെ എതിര്‍ക്കുന്നവര്‍ ഏതോ കാലത്ത ചിന്താഗതികള്‍ വെച്ചുപുലര്‍ത്തുകയാണ്.

ആധുനിക കാലഘട്ടമാണിത്. ലോകം വളരുകയാണ്. അതിന് അനുസരിച്ച് ചിന്തയും വളരണം. ചിന്തിക്കുന്നവരെല്ലാം ഈ പദ്ധതിക്ക് അനുകൂലമാണ്. 100 വര്‍ഷം പിന്നിലുള്ള ചിന്തയും ബുദ്ധിയും ശക്തിയുമായി നടന്നാല്‍ കോണ്‍ഗ്രസ് ഇന്ന് പലയിടത്തും തകര്‍ന്നുകൊണ്ടിരിക്കുന്നതിന്റെ ഫലം തന്നെ എല്ലായിടത്തും ഉണ്ടാകുമെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.

Top