‘ഇന്ത്യയുടെ സമഗ്ര വികസനത്തിനായി യാതൊരു പദ്ധതികളും ബജറ്റില്‍ ഇല്ല’:ഇ.പി. ജയരാജന്‍

കൊച്ചി: രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് തീര്‍ത്തും നിരാശാജനകമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. ഇന്ത്യന്‍ ജനതയ്ക്ക് ഒരു വളര്‍ച്ചയും നല്‍കാത്ത ബജറ്റിന്റെ പ്രഖ്യാപനമാണ് നടത്തിയത്. ഇന്ത്യയുടെ സമഗ്ര വികസനത്തിനൊന്നുമില്ല. കഴിഞ്ഞ ബജറ്റില്‍ പറഞ്ഞ ചില കാര്യങ്ങള്‍ ആവര്‍ത്തിച്ചതല്ലാതെ നാടിന്റെ സാമ്പത്തികസാമൂഹിക വ്യാവസായികകാര്‍ഷിക രംഗത്ത് ഒരു മെച്ചവും നല്‍കുന്ന ബജറ്റല്ലെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.

ബജറ്റിനെതിരെ ജനരോഷം ഉയരണമെന്നും ഇ.പി. ജയരാജന്‍ ആവശ്യപ്പെട്ടു. ”ഇന്ത്യയുടെ സമഗ്ര വികസനത്തിനായി യാതൊരു പദ്ധതികളും ബജറ്റില്‍ ഇല്ല. വലിയ സംഭവം നടക്കാന്‍ പോകുന്നു എന്ന പ്രതീതി ജനിപ്പിച്ച് ഒന്നുമില്ലാത്ത ബജറ്റാണ് അവതരിപ്പിച്ചത്. ബിജെപി തിരിച്ചു വരാന്‍ ഒരു സാധ്യതയുമില്ലാത്തതിനാലാണ് ഇത്തരമൊരു ബജറ്റ് അവതരിപ്പിച്ചത്. അവരുടെ നിരാശയില്‍നിന്നുണ്ടായ ബജറ്റാണ് ഇത്.” ഇ.പി. ജയരാജന്‍ പ്രതികരിച്ചു.

”യുവജനങ്ങള്‍ക്കോ കൃഷിക്കാര്‍ക്കോ വ്യവസായികള്‍ക്കോ ആര്‍ക്കും തന്നെ പ്രത്യേകിച്ച് ഒരു സംഭാവനയും നല്‍കുന്നില്ല. മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രത്തിന് ജനവിശ്വാസം നേടിയെടുക്കാന്‍ കഴിഞ്ഞാല്‍ മികച്ച ഒരു ബജറ്റ് ഉണ്ടാകും. ജനങ്ങളുടെ മുന്നില്‍ ഒരു കാര്യവും ഉയര്‍ത്തിക്കാണിക്കാന്‍ കഴിയാത്ത ഒരു ബജറ്റാണ് ഇത്. ജനങ്ങള്‍ക്കു വേണ്ടി ഒരു കൃത്യവും നിര്‍വഹിക്കാന്‍ കഴിയാത്ത പാര്‍ട്ടിയാണ് ബിജെപി. രാജ്യത്തെ പിന്നോക്കാവസ്ഥയ്ക്കും ദാരിദ്ര്യത്തിനും പരിഹാരം കാണാന്‍ കഴിയാത്ത ഒരു സര്‍ക്കാരാണ് ഇന്ത്യയില്‍ തുടരുന്നത്. ആ നയം തന്നെയാണ് അവര്‍ ആവര്‍ത്തിക്കുന്നത്. രാജ്യത്തെ സമഗ്രമായ വികസനത്തിനായി ബിജെപി നയങ്ങളോട് ശക്തമായി പ്രതികരിക്കുക എന്നതാണ് ഈ ബജറ്റിനുള്ള മറുപടി.” ഇ.പി. ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Top