ഏഷ്യന്‍ ഗെയിംസില്‍ ജേതാക്കളായ എട്ട് പേര്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മന്ത്രി ഇ പി ജയരാജന്‍

EP Jayarajan

തിരുവനന്തപുരം : ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ജേതാക്കളായ എട്ട് പേര്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മന്ത്രി ഇ പി ജയരാജന്‍. തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ചടങ്ങില്‍ ഇവരെ പ്രത്യേക ഉപഹാരങ്ങള്‍ നല്‍കി ആദരിക്കുമെന്നും മന്ത്രി അറിയിച്ചു.

ദുരിതപൂര്‍ണമായ സാഹചര്യം നേരിടുന്നതിനാലാണ് ഇക്കാര്യങ്ങള്‍ നീണ്ടുപോയത്. ഇതുവരെ 157 കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയിട്ടുണ്ട്. കായികരംഗത്ത് നിര്‍ലോഭമായ പ്രോത്സാഹനം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. കായിക താരങ്ങള്‍ക്ക് പരിശീലനത്തിന് മെച്ചപ്പെട്ട സൗകര്യങ്ങളോടു കൂടിയ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി നേരത്തേ 700 കോടി കിഫ്ബിയില്‍ നിന്ന് അനുവദിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

2020 ഒളിംപിക്‌സില്‍ കേരളത്തിന് മെഡലുകള്‍ സ്വന്തമാക്കുവാന്‍ കഴിയുന്ന വിധത്തില്‍ പരിശീലന പരിപാടികള്‍ നടത്തിവരികയാണ്. ഓപ്പറേഷന്‍ ഒളിംപ്യ എന്ന പേരില്‍ കായിക താരങ്ങള്‍ക്ക് പരിശീലനം നല്‍കി വരുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലകരെ കണ്ടെത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

സ്‌പോര്‍ട്ട്‌സ് സ്‌കൂളുകളുടെ പ്രവര്‍ത്തനവും സജീവമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌പോര്‍ട്ട് സ്‌കൂളുകളിലെ ഹോസ്റ്റലുകളില്‍ മികച്ച ഭക്ഷണം കുട്ടികള്‍ക്ക് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. ഇതിനായി ഓരോ ഹോസ്റ്റലിലും കുട്ടികളുടെ നേതൃത്വത്തില്‍ മെസ് കമ്മിറ്റി രൂപീകരിച്ച് ഇഷ്ടമുള്ള ഭക്ഷണം കുട്ടികള്‍ക്ക് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

എല്ലാ ജില്ലകളിലും ഫുട്ബാള്‍ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കും. ഇവരെ പരിശീലിപ്പിക്കുന്നതിന് 26 പേരടങ്ങുന്ന ടീം രൂപീകരിക്കും. ഇതിനാവശ്യമായ ചെലവ് സ്‌പോര്‍ട്ട്‌സ് വകുപ്പ് വഹിക്കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊച്ചിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബാള്‍ മത്സരവും തിരുവനന്തപുരത്ത് ക്രിക്കറ്റ് മത്സരവും സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറെടുക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇതില്‍ നിന്നു ലഭിക്കുന്ന മുഴുവന്‍ തുകയും ദുരിതാശ്വാസ നിധിയിലേക്ക് നീക്കിവെക്കും. കായിക ലോകത്തു നിന്ന് കരുത്തുനേടി ബുദ്ധിപരമായ വളര്‍ച്ചയിലൂടെ വികസിക്കുന്ന തലമുറയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

2018 ഏഷ്യന്‍ ഗെയിംസില്‍ ബ്രോണ്‍സ് മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ പി ആര്‍ ശ്രീജേഷ്, 1500 മീറ്ററില്‍ ബ്രോണ്‍സ് മെഡല്‍ നേടിയ പി യു ചിത്ര, 1500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയും നേടിയ ജിന്‍സണ്‍ ജോണ്‍, 4 ഗുണം 400 മീറ്ററില്‍ സ്വര്‍ണ്ണം നേടിയ വി കെ വിസ്മയ, ലോംഗ് ജംപില്‍ വെള്ളിമെഡല്‍ നേടിയ നീന വരക്കില്‍, 400 മീറ്റര്‍ റിലേ, 4 ഗുണം 400 മീറ്റര്‍ റിലേ, 4 ഗുണം 400 മിക്‌സഡ് എന്നിവയില്‍ വെള്ളി മെഡല്‍ നേടിയ മുഹമ്മദ് അനസ് യഹിയ, 4 ഗുണം 400 റിലേയില്‍ വെള്ളി നേടിയ കുഞ്ഞു മുഹമ്മദ്, 4 ഗുണം 400 മീറ്റര്‍ റിലേയില്‍ വെളളി മെഡല്‍ നേടിയ ജിതിന്‍ ബേബി എന്നിവരെയാണ് ആദരിച്ചത്. ഇവര്‍ക്ക് റീജ്യണല്‍ സ്‌പോര്‍ട്ട് സെന്ററില്‍ ഹോണററി അംഗത്വവും ലഭിക്കും.

വൈലോപ്പിള്ളി റസിഡന്‍സ് അസോസിയേഷന്‍ ഒരു ലക്ഷം രൂപയും കൊച്ചിന്‍ ലോറി ഓണേഴ്‌സ് അസോസിയേഷന്‍ 50,000 രൂപയും ജി.കെ.ബി ലെന്‍സ് 3.5 ലക്ഷം രൂപയും മുഖമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

Top