വനിതാമതില്‍; എതിര്‍ക്കുന്നതിലൂടെ എന്‍എസ്എസിന് വലിയ തിരിച്ചടി ലഭിക്കുമെന്ന് ഇ.പി.ജയരാജന്‍

EP Jayarajan

തിരുവനന്തപുരം: വനിതാമതിലിനെ എതിര്‍ക്കുന്നതിലൂടെ എന്‍എസ്എസിന് വലിയ തിരിച്ചടി ലഭിക്കുമെന്ന് വ്യവസായമന്ത്രി ഇ.പി.ജയരാജന്‍.

എന്‍എസ്എസ് നേതൃത്വം നയം പുന:പരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യുഡിഎഫും സംഘപരിവാറും നടത്തിയ എതിര്‍പ്രചാരണം വനിതാമതിലിന്റെ ശക്തി വര്‍ധിപ്പിച്ചിരിക്കുന്നുവെന്നും ജയരാജന്‍ പറഞ്ഞു.

നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനായി വിവിധ സംഘടനകളുടെ പിന്തുണയോടെ ഇന്നാണ് സര്‍ക്കാര്‍ വനിതാമതില്‍ തീര്‍ക്കുന്നത്. വൈകിട്ട് നാല് മണിക്ക് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് മതില്‍ തീര്‍ക്കുന്നത്. 50 ലക്ഷത്തോളം സ്ത്രീകള്‍ മതിലില്‍ പങ്കെടുക്കുമെന്നാണ് സംഘടാകരുടെ അവകാശവാദം.

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 620 കിലോമീറ്റര്‍ നീളത്തില്‍ ദേശീയ പാതയുടെ പടിഞ്ഞാറ് ഭാഗത്താണ് മതില്‍ തീര്‍ക്കുന്നത്. വൈകിട്ട് നാല് മണി മുതല്‍ 4.15 വരെയാണ് മതില്‍ സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ മൂന്ന് മണിക്ക് അവര്‍ക്ക് നിശ്ചയിച്ച് നല്‍കിയിട്ടുള്ള കേന്ദ്രങ്ങളില്‍ എത്തും. 3.45 ന് മതിലിന്റെ റിഹേഴ്‌സല്‍ നടത്തും.

Top