ഇ പി ജയരാജന്റെ സുഹൃത്തിന് ചട്ടങ്ങള്‍ ലംഘിച്ച് നിയമനം; മുഖ്യമന്ത്രി ഇടപെട്ടാണെന്ന് ബിജെപി

തൃശൂര്‍: ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ മെമ്പര്‍ സെക്രട്ടറിയായി മുഖ്യമന്ത്രിയുടെ ഇഷ്ടക്കാരനെ ചട്ടങ്ങള്‍ ലംഘിച്ച് നിയമിച്ചെന്ന ആരോപണവുമായി ബിജെപി. ചട്ടവിരുദ്ധമായിട്ടാണ് ശാസ്ത്ര സാങ്കേതിക കൗണ്‍സിലിന്റെ മെമ്പര്‍ സെക്രട്ടറിയായി മന്ത്രി ഇ പി ജയരാജന്റെ സുഹൃത്തായ ഡോ എസ് പ്രദീപ് കുമാറിനെ നിയമിച്ചതെന്നാണ് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്റെ ആരോപണം. ഇതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

‘ഇ പി ജയരാജന്റെ സുഹൃത്തിന് ചട്ടങ്ങള്‍ ലംഘിച്ച് കൊണ്ട് നിയമനം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടു. സ്ഥിരം നിയമനം വേണമെന്ന ചട്ടം നിലനില്‍ക്കുമ്പോഴാണ് കരാര്‍ അടിസ്ഥാനത്തില്‍ പ്രദീപ് കുമാറിന് നിയമനം നല്‍കിയത്. ഒരു പദ്ധതിയ്ക്ക് 50 ലക്ഷം രൂപ വരെ ചെലവഴിക്കാന്‍ ഒപ്പിടേണ്ട ഉദ്യോഗസ്ഥസ്ഥാനത്തേക്കുള്ള നിയമനമാണ് ചട്ടവിരുദ്ധമായി നടത്തിയത്’ ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

അഭിമുഖത്തിന് അപേക്ഷ പോലും ക്ഷണിക്കാതെ നിയമനം നടത്തിയത് സ്വജനപക്ഷപാതത്തിന്റെ ഉദാഹരണമാണെന്നും 56 വയസിന് മുകളിലുള്ളവരെ നിയമിക്കാന്‍ പാടില്ലെന്ന ചട്ടം നിലനില്‍ക്കുമ്പോഴും മതിയായ യോഗ്യതയില്ലാത്തയാളെയാണ് നിയമിച്ചതെന്നും ബിജെപി ആരോപിച്ചു.

Top