അന്തിമ തീരുമാനവും ജയരാജന് അനുകൂലം, ഇനി ‘പന്ത്’വിജിലൻസ് കോടതിയുടെ പക്കൽ

ep jayarajan

കൊച്ചി: ബന്ധു നിയമന കേസില്‍ ഇ പി ജയരാജന് ക്ലീന്‍ ചീറ്റ്.

ബന്ധുനിയമന കേസ് നിലനില്‍ക്കില്ലെന്ന അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് എസ്പി ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചു.

അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനില്‍ക്കില്ലെന്ന നിയമോപദേശം ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട്.

അന്വേഷണം അവസാനിപ്പിക്കാന്‍ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് അനുമതി തേടിയിട്ടുണ്ട്. വിജിലന്‍സ് ഡയറക്ടറുടെ പരിശോധനയ്ക്ക് ശേഷം റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും.

വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്തിമ തീരുമാനം കോടതിയാണ് ഇനി സ്വീകരിക്കുക.

നിയമനം ലഭിച്ചിട്ടും പി.കെ.ശ്രീമതിയുടെ മകന്‍ സ്ഥാനമേറ്റില്ല. പ്രതികളാരും സാമ്പത്തിക നേട്ടമുണ്ടാക്കിയില്ല. ഉത്തരവിറങ്ങി മൂന്നാം ദിവസംതന്നെ മന്ത്രി പിന്‍വലിച്ചെന്നുമാണ് അന്വേഷണം അവസാനിപ്പിക്കാന്‍ വിജിലന്‍സ് പറയുന്ന കാരണങ്ങള്‍.

ഇ.പി. ജയരാജൻ വ്യവസായ മന്ത്രിയായിരിക്കെ കഴിഞ്ഞ ഒക്ടോബറിലാണ് ബന്ധുവായ സുധീർ നമ്പ്യാരെ കേരള സ്‌റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിന്റെ എം.ഡിയായി നിയമിച്ചത്.

വിവാദമായതോടെ നിയമനം സർക്കാർ റദ്ദാക്കിയെങ്കിലും ജയരാജനും സുധീർ നമ്പ്യാർക്കുമെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു.

നിയമനം റദ്ദാക്കിയ സാഹചര്യത്തിൽ ജയരാജനടക്കമുള്ളവർ എന്തു നേട്ടമാണ് ഉണ്ടാക്കിയതെന്ന് വ്യക്തമാക്കണമെന്നും എന്തടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് വിശദീകരിക്കണമെന്നും ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥനോടു നേരത്തെ നിർദേശിച്ചിരുന്നു. ഇതനുസരിച്ച് കേസ് നിലനിൽക്കില്ലെന്ന് വിജിലന്‍സ് വിശദീകരണവും നല്‍കിയിരുന്നു.

അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും ആറുമാസം തടവോ പിഴയോ ശിക്ഷ കിട്ടാവുന്ന ഗൂഢാലോചനക്കുറ്റവും ചുമത്തി ജയരാജനെതിരെ എഫ്.ഐ.ആർ രജിസ്‌റ്റർ ചെയ്തിരുന്നു. എന്നാൽ, കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജയരാജൻ നൽകിയ ഹർജിയിൽ എഫ്.ഐ.ആർ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.

Top