ep jayarajan-cabinet reshuffle

തിരുവനന്തപുരം: പിണറായി വിജയന്‍ മന്ത്രിസഭയിലെ പുനസംഘടനയില്‍ ഇ.പി ജയരാജന് അതൃപ്തി. മന്ത്രിസഭ പുനസംഘടന കൂടിയാലോചിച്ചില്ലെന്നും, തന്നോട് കാര്യങ്ങള്‍ പാര്‍ട്ടി വ്യക്തമാക്കിയില്ലെന്നും ഇ.പി ജയരാജന്‍ തുറന്നടിച്ചു.മാതൃഭൂമി, മനോരമ ചാനലുകളാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്നും ജയരാജന്‍ ഇറങ്ങിപ്പോയതായും, കോടിയേരിയും മന്ത്രി ബാലനും ബന്ധുനിയമനം നടത്തിയെന്ന് തുറന്നടിച്ചതുമായാണ് പുറത്ത് വരുന്ന വിവരം.

തുടര്‍ന്ന് നടന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിലും ജയരാജന്‍ പങ്കെടുത്തില്ല.

എന്നാല്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ജയരാജന്‍ പങ്കെടുത്തതാണെന്നും അദ്ദേഹവും കൂടി പങ്കെടുത്ത യോഗത്തിലാണ് കാര്യങ്ങള്‍ തീരുമാനിച്ചതെന്നുമാണ് സിപിഎം നേതൃത്വം പറയുന്നത്.

ജയരാജന് അതൃപ്തി ഉള്ളതായി കരുതുന്നില്ലെന്നും പാര്‍ട്ടി തീരുമാനം അംഗീകരിക്കുകയാണ് സംഘടനാ രീതിയെന്നും പ്രമുഖ സിപിഎം നേതാവ് വ്യക്തമാക്കി.

ബന്ധുനിയമന വിവാദത്തില്‍പ്പെട്ടാണ് പിണറായി മന്ത്രിസഭയിലെ രണ്ടാമനായി വ്യവസായ വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഇ പി ജയരാജന് സ്ഥാനം നഷ്ടമായിരുന്നത്.

മുഖ്യമന്ത്രിയും പാര്‍ട്ടിയും രാജി ആവശ്യപ്പെട്ടപ്പോള്‍ ജയരാജന് അനുകൂലമായി ശബ്ദം ഉയര്‍ത്താന്‍ പാര്‍ട്ടിക്കകത്ത് ആരുമുണ്ടായിരുന്നില്ല.

സിപിഎം കേന്ദ്ര കമ്മിറ്റിയംഗമായ ജയരാജനെതിരെ ബന്ധുനിയമനത്തില്‍ പാര്‍ട്ടിതല നടപടി സ്വീകരിക്കാന്‍ അടുത്ത കേന്ദ്ര കമ്മിറ്റിയോഗം ചേരാനിരിക്കെയാണ് കടുത്ത അച്ചടക്ക നടപടി വിളിച്ച് വരുത്തുന്ന പ്രതികരണം ഇപ്പോള്‍ ജയരാജന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.

ഇത് സിപിഎം രാഷ്ട്രീയത്തില്‍ ഏത് തരത്തിലുള്ള പ്രത്യാഘാതമാണ് ഉണ്ടാക്കുകയെന്ന് വരും ദിവസങ്ങളില്‍ വ്യക്തമാവും.

സിപിഎം വിഭാഗീയതയുടെ കാലത്ത് പിണറായിയുടെ വലംകൈയ്യായിരുന്ന ഇപി രഹസ്യങ്ങളുടെയൊരു കലവറ കൂടിയാണ്.

അതുകൊണ്ട് തന്നെ പരസ്യമായി പ്രതികരിക്കാന്‍ തയ്യാറാവുന്നില്ലെങ്കിലും സിപിഎം നേതൃത്വം ആശങ്കയോടെയാണ് ജയരാജന്റെ നീക്കങ്ങളെ നോക്കിക്കാണുന്നത്.

പിണറായി മന്ത്രിസഭ അധികാരമേറ്റെടുത്ത് ആറ് മാസം പിന്നിടുമ്പോള്‍ തന്നെ നടന്ന ആദ്യ പുന:സംഘടനയുമായി ബന്ധപ്പെട്ട് തന്നെയാണ് ആദ്യ പൊട്ടിത്തെറിയെന്നതും ശ്രദ്ധേയമാണ്.

Top