അന്ന് ആന്ധ്രയിൽ, ഇന്ന് ആകാശത്ത്, ‘വില്ലൻമാരും’ കണ്ണുരിൽ നിന്നു തന്നെ !

താണ് ഇ.പി . . . മിന്നൽ വേഗത്തിൽ പ്രതിരോധമൊരുക്കുന്ന, ഇ.പി ജയരാജൻ… ഇത് രണ്ടാം തവണയാണ് പിണറായിയുടെ രക്ഷക്കെത്തുന്നത്. വിമാനത്തിൽ മുഖ്യമന്ത്രിക്കു നേരെ പാഞ്ഞടുത്ത രണ്ട് യുവാക്കളെ പ്രതിരോധിച്ച ഇ പി തന്നെയാണ്, വർഷങ്ങൾക്ക് മുൻപ് ട്രയിനിലും പിണറായിക്ക് രക്ഷ ആയിരുന്നത്. അന്ന് ഉന്നം തെറ്റിയ വെടിയുണ്ട ഇ പി യുടെ കഴുത്തിലാണ് തറച്ചിരുന്നത്. ഇപ്പോഴും അതിന്റെ കെടുതികളുമായാണ് ഈ കമ്യൂണിസ്റ്റ് ജീവിക്കുന്നത്.

1996 ൽ സി.പി.എം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത് തിരിച്ചുവരും വഴി, ആന്ധ്രയിൽവെച്ചാണ് ഇ.പി ജയരാജനു വെടിയേറ്റിരുന്നത്. കഴുത്തിന് വെടിയേറ്റ ജയരാജൻ  അത്ഭുതകരമായാണ് രക്ഷപ്പെട്ടിരുന്നത്. ജയരാജനൊപ്പം സഞ്ചരിച്ചിരുന്ന പിണറായിയെ ലക്ഷ്യം വച്ച വെടിയുണ്ടയാണ് ജയരാജനിൽ തറച്ചതെന്ന്, അന്നു തന്നെ ആരോപണമുയർന്നിരുന്നു. പൊലീസ് പിടികൂടിയ വാടക കൊലയാളികളും പിന്നീട് സുധാകരന് എതിരെ ആയിരുന്നു മൊഴി നൽകിയിരുന്നത്. രണ്ട് സംഭവത്തിലും കണ്ണൂരിലെ കോൺഗ്രസ്സ് നേതൃത്വമാണ് പ്രതിക്കൂട്ടിലുള്ളത്. ഇ പി യെ വെടിവെച്ച സംഭവത്തിൽ ഗൂഢാലോചന കേസിൽ അറസ്റ്റിലായിരുന്നത് കെ.സുധാകരനാണ്. ഇപ്പോൾ വിമാനത്തിലെ സംഭവത്തിൽ അറസ്റ്റിലായതും സുധാകരന്റെ അനുയായികൾ തന്നെയാണ്.

പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം, പ്രതിപക്ഷം നടത്തുന്ന ഏറ്റവും ശക്തമായ പ്രതിഷേധമാണ് ഇപ്പോൾ സംസ്ഥാനത്തു നടക്കുന്നത്. മുഖ്യമന്ത്രിയുടെ രാജിയാണ് പ്രധാന ആവശ്യം. സമരം അക്രമാസക്തമായതോടെ  പൊലീസിൽ നിന്നുമാത്രമല്ല, സി.പി.എം പ്രവർത്തകരിൽ നിന്നും, അടി വാങ്ങേണ്ട അവസ്ഥയും പലയിടത്തും കോൺഗ്രസ്സിനുണ്ട്. ബി.ജെ.പിയാണോ  കോൺഗ്രസ്സ് ആണോ  യഥാർത്ഥ പ്രതിപക്ഷമെന്ന മത്സരവും ഇവർക്കിടയിൽ ഇപ്പോൾ ശരിക്കും നടക്കുന്നുണ്ട്. മുഖ്യമന്ത്രിയെ ആക്രമിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ 3 യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തിരിക്കുന്നത്. ഫര്‍ദീന്‍ മജീദ്  നവീന്‍കുമാര്‍ സുനിത് നാരായണന്‍ എന്നിവരാണിവര്‍. വിമാന ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും ഇവര്‍ക്കെതിരെ കേസുണ്ട് മുഖ്യമന്ത്രിക്കെതിരായ വധശ്രമമാണ് വിമാനത്തില്‍ നടന്നതെന്ന് സി.പി.എം ആരോപിക്കുമ്പോള്‍, പ്രതിഷേധം മാത്രമാണ് നടന്നതെന്നാണ് സുധാകരന്‍ പറയുന്നത്. പ്രതിഷേധക്കാരെ ആക്രമിച്ചതിന് ഇ.പിയെ അറസ്റ്റ് ചെയ്യണമെന്നതാണ് കോണ്‍ഗ്രസ്സിന്റെ ഇപ്പോഴത്തെ ആവശ്യം. ഈ സംഭവവുമായി ബന്ധപ്പെട്ട് കേരളം ഇപ്പോള്‍ കലാപ കലുഷിതമായിരിക്കുകയാണ്. പലയിടത്തും സി.പി.എം – കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിട്ടുണ്ട്.

EXPRESS KERALA VIEW

Top