‘സംസ്ഥാന സർക്കാർ നിലകൊള്ളുന്നത് സ്ത്രീ സുരക്ഷിതത്വത്തിന് വേണ്ടി’: ഇ പി ജയരാജൻ

തൃക്കാക്കര: സംസ്ഥാന സർക്കാർ നിലകൊള്ളുന്നത് സ്ത്രീ സുരക്ഷിതത്വത്തിന് വേണ്ടി,അതിജീവിത നൽകിയ ഹർജി തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. ആക്രമിക്കപ്പെട്ട നടിയെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉപയോഗിക്കുന്നോ എന്ന് സംശയമുണ്ട്.

സംസ്ഥാന സർക്കാരിനും വിചാരണക്കോടതി ജഡ്ജിക്കുമെതിരെ ആരോപണമുന്നയിച്ച് ആക്രമിക്കപ്പെട്ട നടി നൽകിയ ഹർജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ദിലീപുമായി അവിശുദ്ധ ബന്ധമുള്ളത് ആർക്കാണെന്ന് ജനത്തിന് അറിയാം. സർക്കാരിന് ഇക്കാര്യത്തിൽ മറ്റ് ലക്ഷ്യങ്ങളില്ല. അതിജീവിതയ്ക്ക് കോടതിയെ സമീപിക്കാൻ അവകാശമുണ്ട്. എന്നാൽ പ്രതികളെ രക്ഷിക്കാൻ സർക്കാർ ഒരു വഴിവിട്ട ഇടപെടലും നടത്തിയിട്ടില്ല. സർക്കാർ എന്നും ഇരയ്ക്കൊപ്പമാണെന്നും എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ വ്യക്തമാക്കി.

കോടതിയിൽ കൊടുത്ത കാര്യം അവർ തീരുമാനിക്കുമെന്നും കോടതിയിൽ തനിക്ക് വിശ്വാസമുണ്ടെന്നും തൃക്കാക്കരയിൽ യുഡിഎഫിന് വികസനം പറയാനില്ലെന്നും അവർ ഭയപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്കെതിരെ സംസ്‌കാര ശൂന്യമായ പദപ്രയോഗങ്ങൾ നടത്തുകയാണെന്നും ജനകീയ പ്രശ്‌നങ്ങളിൽ ശ്രദ്ധ തിരിച്ചുവിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

Top