ലൈംഗീക പീഡനം : ടെരി തലവന്‍ ആര്‍.കെ പച്ചൗരിക്കെതിരെ കുറ്റം ചുമത്താന്‍ കോടതി ഉത്തരവ്

rk-pachauri

ന്യൂഡല്‍ഹി: ലൈംഗിക പീഡന പരാതിയില്‍ പരിസ്ഥിതിപ്രവര്‍ത്തകന്‍ ആര്‍.കെ.പച്ചൗരിക്കെതിരേ കുറ്റം ചുമത്തണമെന്ന് ഡല്‍ഹിയിലെ സാകേത് കോടതി ഉത്തരവിട്ടു.

എനര്‍ജി റിസോഴ്‌സസ് ഇന്‍സ്റ്റിറ്റ്യൂട്ട് (ടെരി) മുന്‍ ഡയറക്ടര്‍ ജനറലായ പച്ചൗരിക്കെതിരെ 2015ലാണ് പീഡിപ്പിച്ചെന്നാരോപിച്ച് പരാതി നല്‍കിയത്. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകയാണ് പരാതിയുമായി രംഗത്തുവന്നത്.

നിരന്തരം ഇമെയിലുകള്‍, ഫോണ്‍കോളുകള്‍, എസ്.എം.എസുകള്‍ എന്നിവ വഴി ലൈംഗിക ചുവയുള്ള പ്രസ്താവനകളും മറ്റും അയക്കുകയും മറുപടി നല്‍കാനായി നിര്‍ബന്ധിക്കുകയും ചെയ്യുമായിരുന്നെന്നാണ് പച്ചൗരിക്കെതിരെ ഉയര്‍ന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അസ്വസ്ഥത ഉണ്ടാക്കുന്നതും അംഗീകരിക്കാന്‍ കഴിയാത്തതുമായ പദങ്ങള്‍ ഉപയോഗിച്ചായിരുന്നു ഇമെയിലുകളും എസ്.എം.എസുകളും അയച്ചിരുന്നതെന്നാണ് ആരോപണം.

മാസങ്ങള്‍ക്കുള്ളില്‍ മറ്റു നിരവധി സ്ത്രീകളും പച്ചൗരിക്കെതിരേ ആരോപണമുയര്‍ത്തിയിരുന്നു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് പച്ചൗരി കോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. ലൈംഗികാരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് പച്ചൗരിയെ ടെരി ഗവേണിംഗ് കൗണ്‍സിലില്‍നിന്നും ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തുനിന്നും പുറത്താക്കി. കേസ് ഒക്ടോബര്‍ 20ന് വീണ്ടും വാദം കേള്‍ക്കും.Related posts

Back to top