പരിസ്ഥിതി ലോല മേഖല: രാഹുൽ ഗാന്ധിയുടെ നിലപാടിനെ ചൊല്ലി വാക്പോര്

ബത്തേരി: പരിസ്ഥിതി ലോല മേഖല വിഷയത്തില്‍ കോൺഗ്രസ് എംപി രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ ചൊല്ലി വയനാട്ടില്‍ എല്‍ഡിഎഫും കോണ്‍ഗ്രസും തമ്മിൽ വാക്പോര് തുടരുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ ഇടപെടല്‍ വേണ്ട വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച രാഹുല്‍ ഗാന്ധിയുടെ നടപടി ബാലിശവും അപക്വവുമെന്നാണ് എല്‍ഡിഎഫിന്‍റെ ആക്ഷേപം. പരിസ്ഥിതി ലോല മേഖല നിയന്ത്രണം സംബന്ധിച്ച സുപ്രീം കോടതി ഉത്തരവില്‍ ഇടപെടല്‍ ആവശ്യപ്പെട്ടാണ് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തയച്ചത്. എന്നാല്‍ എല്‍ഡിഎഫിന്‍റെ അജ്ഞതയാണ് ഇത്തരം പ്രസ്താവനകള്‍ക്ക് കാരണമെന്നു കോണ്‍ഗ്രസ് മറുപടി നല്‍കി. കോടതി ഉത്തരവിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ പ്രശ്നപരിഹാരം കാണണമെന്നായിരുന്നു ആവശ്യം.

ഇതിനു പിന്നാലെ രാഹുലിന്റെ നടപടിയെ വിമര്‍ശിച്ചും പരിഹസിച്ചും എല്‍ഡിഎഫ് രംഗത്തെത്തി. സുപ്രീം കോടതിയില്‍ പരിഹാരം കാണേണ്ട വിഷത്തില്‍ പ്രധാന പങ്കുവഹിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. അല്ലാതെ ഇത് സംസ്ഥാന സര്‍ക്കാരിന്‍റെ പരിധിയില്‍ വരുന്ന വിഷയമല്ല. ആയിരക്കണക്കിന് ജനങ്ങളെ ബാധിക്കുന്ന ഉത്തരവിനെ കുറിച്ച് രാഹുൽ ഇനിയും മനസിലാക്കിയിട്ടില്ലെന്ന് എല്‍ഡിഎഫ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. സ്വന്തം പദവിയും സ്വാധീനവും ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാരില്‍ സമര്‍ദം ചെലുത്തുകയാണ് രാഹുല്‍ ചെയ്യേണ്ടതെന്നും എല്‍ഡിഎഫ് വ്യക്തമാക്കി. എന്നാല്‍, രാഹുലിനെ പരിഹസിക്കുന്നതിന് മുന്‍പ് കോടതി ഉത്തരവ് ഒരു തവണയെങ്കിലും വായിച്ചു നോക്കാന്‍ എല്‍ഡിഎഫ് ശ്രമിക്കണമെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു.

Top