എം.എല്‍.എയുടെ പാര്‍ക്ക് പൊളിക്കണം: രാഷ്ട്രീയക്കാര്‍ക്ക് തിരിച്ചടിയായി പരിസ്ഥിതി പ്രവര്‍ത്തകരുടെ കൂട്ട ഉറക്ക സമരം

anwar

കോഴിക്കോട്: ഉരുള്‍പൊട്ടലുണ്ടായിട്ടും പി.വി അന്‍വര്‍ എം.എല്‍.എയുടെ കക്കാടംപൊയിലിലെ വാട്ടര്‍തീം പാര്‍ക്കിനെതിരെ നടപടിയെടുക്കാതെ ഉറക്കം നടിക്കുന്ന ജില്ലാ ഭരണകൂടത്തിനും ഒത്തുകളിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും തിരിച്ചടിയായി പരിസ്ഥിതി പ്രവര്‍ത്തകരുടെ കൂട്ട ഉറക്കസമരം.

അന്‍വറിനെതിരെ സമര പ്രഖ്യാപനം നടത്തിയ കോണ്‍ഗ്രസ് നേതൃത്വം മൗനം പാലിക്കുകയും മുമ്പ് സമരം നടത്തിയിരുന്ന ബി.ജെ.പിയും യൂത്ത് ലീഗും അടക്കം പിന്‍മാറിയപ്പോഴാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ വിട്ടുവീഴ്ചയില്ലാതെ സമരം നടത്തിയത്. ഡോ. എം.ജി.എസ് നാരായണന്‍, ഡോ. എം.എന്‍ കാരശേരി, ഡോ. എ അച്യുതന്‍, പ്രഫ. ശോഭീന്ദ്രന്‍, തായാട്ട് ബാലന്‍, ടി.വി രാജന്‍, കെ.പി.യു അലി, എ.എസ് ജോസ്, കെ. ശ്രീധരന്‍, കെ.രമാദേവി എന്നിവര്‍ സമരത്തില്‍ പങ്കെടുക്കുകയും പി.വി അന്‍വര്‍ എം.എല്‍.എയുടെ കക്കാടംപൊയിലിലെ വാട്ടര്‍തീം പാര്‍ക്കും തടയണയും പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്കും റവന്യൂ മന്ത്രിക്കും നിവേദനവും നല്‍കി.

Water theme park,PV Anwar MLA

കോഴിക്കോട് അടുത്തകാലത്ത് കാണാത്ത തരത്തിലുള്ള ജനകീയ സമരത്തിനാണ് കളക്ടറേറ്റ് പരിസരം വേദിയായത്. ശാരീരിക അവശതകള്‍പോലും അവഗണിച്ചാണ് പ്രമുഖ ചരിത്രകാരന്‍ ഡോ. എം.ജി.എസ് നാരായണനും ഡോ. എ.അച്യുതനും സമരപന്തലില്‍ എത്തിയത്. കോഴിക്കോട്ടെ വിവിധ പരിസ്ഥിതി സംഘടനകള്‍ ഒന്നിച്ചാണ് ജില്ലാ പരിസ്ഥിതി കൂട്ടായ്മയുടെ നേതൃത്വത്തില്‍ സമരം നടത്തിയത്.

കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ 14 പേരുടെ ജീവന്‍ നഷ്ടമായ ദുരന്തം കക്കാടംപൊയിലില്‍ ആവര്‍ത്തിക്കരുതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. ജില്ലയിലെ പരിസ്ഥിതി ലോല മേഖലകളിലെ ക്വാറികള്‍ അടച്ചുപൂട്ടണമെന്നും ഉറക്കം നടിക്കുന്ന ജില്ലാ ഭരണകൂടം ഉണര്‍ന്നു നടപടിയെടുക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Water theme park,PV Anwar MLA

സമുദ്രനിരപ്പില്‍ നിന്നും 2800 അടി ഉയരത്തില്‍ മലയുടെ വശം ചെത്തി നിര്‍മ്മിച്ച എം.എല്‍.എയുടെ വാട്ടര്‍തീം അതീവ മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശത്തെന്നായിരുന്നു കളക്ടര്‍ യു.വി ജോസ് സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ട്. പിന്നീട് ഈ റിപ്പോര്‍ട്ട് തിരുത്തി ദുരന്തസാധ്യതയുള്ള മേഖലയിലല്ല പാര്‍ക്കെന്ന് കളക്ടര്‍ പാര്‍ക്കിന് ക്ലീന്‍ ചിട്ട് നല്‍കി.

കളക്ടറുടെ റിപ്പോര്‍ട്ടിന് കടലാസുവിലയില്ലെന്ന് തെളിയിക്കുന്നതായിരുന്നു കനത്ത മഴയില്‍ പാര്‍ക്കിലുണ്ടായ രണ്ട് ഉരുള്‍പൊട്ടലുകള്‍. പാര്‍ക്കിലെ നീന്തല്‍ കുളത്തിനു 30 മീറ്റര്‍ താഴെ ഉരുള്‍പൊട്ടലില്‍ മണ്ണും പാറക്കഷ്ണങ്ങളും മരങ്ങളും വീണ് കുത്തിയൊലിച്ച് 200 മീറ്ററോളം താഴ്ചയില്‍ പാര്‍ക്കിലേക്ക് വെള്ളമെടുക്കുന്ന കുളത്തില്‍ പതിച്ചു. വെള്ളം പമ്പു ചെയ്യുന്ന മോട്ടോറു പൈപ്പുകളും തകര്‍ന്നു. പാര്‍ക്കിലെ ജനറേറ്റര്‍ മുറിയുടെ ഏഴു മീറ്റര്‍ മാത്രം അകലെ വന്‍ മണ്ണിടിച്ചിലുണ്ടായി. താഴെയുണ്ടായിരുന്ന മണ്‍ റോഡ് പിളര്‍ന്ന് മലവെള്ളം താഴോട്ടൊഴുകി. ഉരുള്‍പൊട്ടല്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ 16ന് വില്ലേജ് ഓഫീസര്‍ സ്റ്റോപ് മെമ്മോ നല്‍കി. കളക്ടര്‍ക്കും താമരശേരി തഹസില്‍ദാര്‍ക്കും വിശദ റിപ്പോര്‍ട്ടും സമര്‍പ്പിച്ചു.

Water theme park,PV Anwar MLA

ദുരന്തനിവാരണ അതോറിറ്റി ജില്ലാ ചെയര്‍മാന്‍കൂടിയായ കളക്ടര്‍ യു.വി ജോസ് ഉരുള്‍പൊട്ടല്‍ സാഹചര്യത്തില്‍ പാര്‍ക്ക് സന്ദര്‍ശിക്കാന്‍പോലും തയ്യാറായിരുന്നില്ല. കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ സമരപ്രഖ്യാപനം മാത്രം നടത്തി പിന്‍വാങ്ങുകയായിരുന്നു.

Top