വയനാട്ടില്‍ വനഭൂമി വെട്ടി തേക്ക് നടാന്‍ നീക്കം; പ്രതിഷേധവുമായി പരിസ്ഥിതി പ്രവര്‍ത്തകര്‍

വയനാട്: വയനാട്ടില്‍ വനഭൂമി വെട്ടി തേക്ക്പ്ലാന്റേഷന്‍ ആരംഭിക്കാനുളള വനംവകുപ്പിന്റെ നീക്കം വിവാദത്തില്‍.മാനന്തവാടിയില്‍ നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്റെ ഭാഗമായുള്ള 39 ഹെക്ടറോളം വനഭൂമിയിലാണ് സ്വാഭാവികവനം വെട്ടിമാറ്റി തേക്ക്പ്ലാന്റേഷന്‍ സ്ഥാപിക്കാനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

വനം വകുപ്പിന്റെ ഈ നീക്കത്തിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍.സ്വാഭാവിക വനം വെട്ടിമാറ്റരുതെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ കേന്ദ്ര -. സംസ്ഥാന വനം വകുപ്പു മേധാവികള്‍ക്ക് കത്തയച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളെയടക്കം പങ്കെടുപ്പിച്ച് വമ്പിച്ച പ്രക്ഷോഭം സംഘടിപ്പിക്കാനാണ് വിവിധ പരിസ്ഥിതി സംഘടനകളുടെ തീരുമാനം.

1958ലാണ് ബേഗൂര്‍ റേഞ്ചിന് കീഴിലെ 97 ഏക്കറോളം വനഭൂമിയില്‍ തേക്കടക്കമുള്ള ആയിരക്കണക്കിന് മരങ്ങള്‍ വാണിജ്യാവശ്യത്തിനായി വനംവകുപ്പ് നട്ടുപിടിപ്പിച്ചത്. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടതോടെ പുതുതായി നട്ട മരങ്ങളേക്കാള്‍ വനത്തിലെ സ്വാഭാവിക മരങ്ങള്‍ വളര്‍ന്നു. പ്ലാന്റേഷന്‍ ആരംഭിച്ചപ്പോള്‍ വറ്റിയ നീരുറവകളടക്കം പുനരുജ്ജീവിച്ച് വൈകാതെ പഴയതുപോലെ വനം ജൈവസമ്പന്നമായി. എന്നാല്‍ തേക്ക് മരങ്ങള്‍ നട്ടിട്ട് 60 വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തില്‍ വനത്തിലെ പഴയ തേക്കെല്ലാം മുറിച്ച് പുതിയ തൈകള്‍ നടാനാണ് വനംവകുപ്പ് കണ്ണൂര്‍ സര്‍ക്കിള്‍ സിസിഎഫിന്റെ നിര്‍ദേശം.

Top