കടലും ചുട്ടുപൊള്ളുന്നു; പൊള്ളുന്ന കേരളം, പരക്കെ ആശങ്ക !

പാലക്കാട്: കരയില്‍ മാത്രമല്ല, കടലിലെയും ചൂട് ക്രമാധീതമായി വര്‍ദ്ധിക്കുകയാണ്. കരയില്‍ ഉണ്ടായിരിക്കുന്ന ഉഷ്ണതരംഗവും ഉയര്‍ന്ന ചൂടുമാണ് കടലിനെയും ഇപ്പോള്‍ ബാധിച്ചിരിക്കുന്നത്. സാധാരണ കടലിന്റെ താപനില വര്‍ദ്ധിച്ചാല്‍ അത് ന്യൂനമര്‍ദ്ദത്തിന് കാരണമാവുകയും അതുവഴി മഴപെയ്യുകയുമാണ് പതിവ്. എന്നാല്‍, ഇത്തവണ അതിന്റെ ലക്ഷണങ്ങളൊന്നും തന്നെ ഇല്ല എന്നുള്ളതാണ് ആശങ്കയുണ്ടാക്കുന്നത്.

മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ കടലിന്റെ ചൂട് പരമാവധി 26 ഡിഗ്രി സെല്‍ഷ്യല്‍സ് ആണു രേഖപ്പെടുത്താറ്. എന്നാല്‍ രണ്ടുദിവസമായി മിക്കയിടത്തും അളവ് 30 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയിരിക്കുന്നത്, എന്നിട്ടും മഴക്കാറു പോലും ഇല്ല എന്നുള്ളതാണ് സത്യം. പല ജില്ലകളിലും ശരാശരി 41 ഡിഗ്രിയാണ് ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരാഴ്ചത്തോളമായി ജാഗ്രതാ മുന്നറിയിപ്പും നിലനില്‍ക്കുന്നു. ഇത്തവണ വലിയ തോതില്‍ പലയിടത്തും കാട്ടു തീ ഉണ്ടായതും ചൂടിന്റെ തീവ്രത വര്‍ധിപ്പിക്കാന്‍ ഒരു കാരണമായിട്ടുണ്ട്.

പലയിടത്തും സംഘടിതമായി കാടിനു തീവയ്ക്കുന്നതും വന്യമൃഗശല്യം കുറയ്ക്കാന്‍ കാടിനു തീയിടുന്ന രീതിയും അധികൃതരില്‍ ആശങ്കയുയര്‍ത്തിയിട്ടുണ്ട്. സൂര്യനില്‍ നിന്നുള്ള വിവിധ രശ്മികളില്‍ ഏറ്റവും തീവ്രതയും വേഗവും കൂടിയവ മരങ്ങള്‍ തടയുന്നു. ഈ സംവിധാനം ഇല്ലാതാകുന്നത് വലിയ അപകടമാണ്. തീവ്രതയും ഊര്‍ജവും കൂടിയ ഇതര രശ്മികളെ വലിച്ചെടുത്തു ബാഷ്പീകരിച്ചു ഈര്‍പ്പം ഉണ്ടാക്കുന്നതും വനമാണ്.

കടല്‍ ചൂടായതോടെ കടലോര ജില്ലകളില്‍ രാത്രിയും ചൂട് അസ്സഹനീയമാണ്. കടലില്‍ നിന്നുള്ള ചൂടുകാറ്റ് തുടരുന്നതാണ് ഇതിന് കാരണം. എല്‍നീനോ പ്രതിഭാസം ആരംഭിച്ചപ്പോള്‍ തന്നെ ഇത്ര ചൂടാണെങ്കില്‍ അടുത്ത മാസങ്ങളില്‍ സ്ഥിതി പ്രവചനാതീതമാണെന്ന് കൊച്ചി സര്‍വകലാശാല റഡാര്‍ ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ. എം.ജി.മനോജ് പറഞ്ഞു.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കഴിഞ്ഞദിവസം ഒരു ന്യൂനമര്‍ദ്ദം രൂപപ്പെട്ടിരുന്നു. എന്നാല്‍, അതുകൊണ്ട് പ്രയോജനമൊന്നും ഉണ്ടായിരുന്നില്ല. കാര്യമായ ശുദ്ധജലക്ഷാമം അനുഭവപ്പെടാത്തത് കേരളത്തിന് ആശ്വസിക്കാന്‍ വക നല്‍കുന്നത്. പ്രളയത്തിനു പിന്നാലെ വരള്‍ച്ചയുണ്ടാകുമെന്ന വിലയിരുത്തലില്‍ ജലഉപയോഗത്തില്‍ പലയിടത്തും സ്വയം നിയന്ത്രണം പാലിക്കുന്നുന്നതാണ് ഇതിന് കാരണം.

Top