ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്ക് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തി

highcourt

കൊച്ചി: സംസ്ഥാനത്ത് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി. തിരുവനന്തപുരം സ്വദേശിയായ ശ്യാംകുമാര്‍ എന്ന വ്യക്തിയാണ് ഇത് സംബന്ധിച്ച് സ്വകാര്യ ഹര്‍ജി നല്‍കിയത്. പരിസ്ഥിതിക്ക് ഗുരുതര ദോഷം സൃഷ്ടിക്കുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഒരു കാലത്തും നശിക്കാതെ കിടക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ഈ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്കെതിരെ മറ്റൊരു ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലുണ്ട്. ശ്യാമിന്റെ ഹര്‍ജിയും ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലേക്ക് മാറ്റണമെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ ഗുരുതരമായ പരിസ്ഥിതി പ്രശ്‌നമാണ് ശ്യാം ഹര്‍ജിയില്‍ വ്യക്തമാക്കിയിരിക്കുന്നതെന്ന് എടുത്തു പറഞ്ഞു കൊണ്ടാണ് ഹൈക്കോടതി ഫ്‌ളക്‌സ് ബോര്‍ഡുകളുടെ ഉപയോഗം നിരോധിച്ചത്.

ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനെയും കേന്ദ്രസര്‍ക്കാരിനെയും മലിനീകരണ ബോര്‍ഡിനെയും ഇലക്ഷന്‍ കമ്മീഷനെയും എതിര്‍കക്ഷികളാക്കി ഹൈക്കോടതി നോട്ടീസ് അയച്ചു.

Top