കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനം, ഒക്ടോബര്‍ 9ന്?

കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവസാനഘട്ടത്തിലേയ്ക്ക്. മുന്നണി പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം കേരള കോണ്‍ഗ്രസിന്റെ ജന്മദിനമായ ഒക്ടോബര്‍ 9ന് ഉണ്ടായിരിക്കുമെന്നാണ് സൂചന. അതേസമയം രണ്ടില ചിഹ്നവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി വന്നതിന് ശേഷം മതി പ്രഖ്യാപനമെന്നും പാര്‍ട്ടിയില്‍ അഭിപ്രായമുണ്ട്.

തദ്ദേശതിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സീറ്റുകള്‍ സംബന്ധിച്ച് സിപിഎമ്മുമായി ഇതിനോടകം ധാരണയിലെത്തി. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്ന വാര്‍ഡുകളുടെ പട്ടിക കേരള കോണ്‍ഗ്രസ് സിപിഎമ്മിനു കൈമാറി.

കേരള കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ ഘടകങ്ങള്‍ക്ക് സിപിഎം നിര്‍ദേശം നല്‍കി കഴിഞ്ഞു. എന്നാല്‍ ജോസിന്റെയും കൂട്ടരുടേയും മുന്നണി പ്രവേശനത്തിന് സിപിഐ പൂര്‍ണ സമ്മതം അറിയിച്ചിട്ടില്ല. മുന്നണി സംബന്ധിച്ച് സംസ്ഥാന തലത്തില്‍ ധാരണയായ ശേഷം മാത്രം പ്രാദേശിക തലത്തില്‍ സഹകരണം മതിയെന്ന് സിപിഐ ജില്ലാ ഘടകത്തിന് സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top