ആ ക്രെയിന്‍ എനിക്കുമേല്‍ പതിക്കുന്നതായിരുന്നു ഇതിലും ഭേദം; സംവിധായകന്‍ ശങ്കര്‍

ന്ത്യന്‍ 2ന്റെ ലൊക്കേഷനിലുണ്ടായ അപകടത്തിനുശേഷം താന്‍ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സംവിധായകന്‍ ശങ്കര്‍. ഇതിലും ഭേദം ആ ക്രെയിന്‍ എന്റെ ദേഹത്തേക്ക് വീണാല്‍ മതിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സഹ പ്രവര്‍ത്തകരുടെ വേര്‍പാടിനെ തുടര്‍ന്ന് ഉറക്കമില്ലാത്ത രാത്രികളാണ് ഉണ്ടായതെന്നും അദ്ദേഹം തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെ വ്യക്തമാക്കി.

ശങ്കറിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം,

‘ഉള്ളില്‍ വളരെയധികം വിഷമത്തോടെയാണ് ഞാന്‍ ഇത് എഴുതുന്നത്. ലൊക്കേഷനിലെ ആ സംഭവത്തിന് ശേഷം ഞാന്‍ ഒരു ഷോക്കിലാണ്. എന്റെ അസിസ്റ്റന്റ് ഡയറക്ടറുടെയും സംഘാംഗങ്ങളുടെയും വേര്‍പാടിനെ തുടര്‍ന്ന് ഉറക്കമില്ലാത്ത രാത്രികളാണ് എന്റേത്. തലനാരിഴക്കാണ് ആ ക്രെയിന്‍ അപകടത്തില്‍ നിന്നും ഞാന്‍ രക്ഷപ്പെട്ടത്. ആ ക്രെയിന്‍ എനിക്കുമേല്‍ പതിക്കുന്നതായിരുന്നു ഇതിലും ഭേദം. ജീവന്‍ നഷ്ടമായവരുടെ കുടുംബാംഗങ്ങള്‍ക്ക് എല്ലാ വിധ പ്രാര്‍ത്ഥനകളും”.

ലൊക്കേഷനില്‍ ക്രെയിന്‍ നിലം പതിച്ച് മൂന്നുപേര്‍ മരിക്കുകയും പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംവിധായകന്‍ ശങ്കറിന്റെ അടുത്ത സുഹൃത്തായ അസിസ്റ്റന്റ് ഡയറക്ടര്‍ കൃഷ്ണ, ആര്‍ട്ട് അസിസ്റ്റന്റ് ചന്ദ്രന്‍, പ്രൊഡക്ഷന്‍ അസിസ്റ്റന്റ് മധു എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

Top