‘തങ്ക’ത്തിലെ റീല്‍ സോംഗ് പുറത്ത് വിട്ടു

ലയാളത്തിലെ നവനിര തിരക്കഥാകൃത്തുക്കളില്‍ ഏറ്റവും ശ്രദ്ധ നേടിയ ഒരാളാണ് ശ്യാം പുഷ്കരന്‍. അദ്ദേഹം തിരക്കഥയൊരുക്കിയ ഏറ്റവും പുതിയ ചിത്രം ഇപ്പോള്‍ തിയറ്ററുകളില്‍ ഉണ്ട്. നവാഗതനായ സഹീദ് അറാഫത്ത് സംവിധാനം ചെയ്‍തിരിക്കുന്ന തങ്കമാണ് ആ ചിത്രം. വിനീത് ശ്രീനിവാസനും ബിജു മേനോനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ ഒരു സന്ദര്‍ഭത്തിന് അനുഗുണമായ രീതിയില്‍ ഉള്‍പ്പെടുത്തിയ ഒരു ഗാനരംഗം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. മയിലേ കുയിലേ എന്ന ഗാനം ചിത്രത്തിലെ ഒരു കഥാപാത്രത്തിന്റെ റീല്‍ വീഡിയോ പോലെയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ജയപ്രകാശ് ശര്‍മ്മയുടെ വരികള്‍ക്ക് ബിജിബാലിന്റേതാണ് സംഗീതം. ഭദ്ര റിജിന്‍ ആണ് ആലാപനം.

അപർണ്ണ ബാലമുരളി, ഗിരീഷ് കുൽക്കർണി, കൊച്ചുപ്രേമൻ, വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി തുടങ്ങി നിരവധി താരങ്ങളാണ് ‘തങ്ക’ത്തിൽ പ്രധാന വേഷങ്ങളിലുള്ളത്. കൂടാതെ നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും സിനിമയിലുണ്ട്. ഒരു സെക്കൻഡ് ക്ലാസ് യാത്ര, ഒരു മുത്തശ്ശി ഗദ തുടങ്ങിയ സിനിമകൾക്ക് ശേഷം വിനീതും അപർണയും ഒന്നിച്ചഭിനയിക്കുന്ന സിനിമ കൂടിയാണ് തങ്കം. ഈ രണ്ട് സിനിമകളിൽ നിന്നും ഏറെ വ്യത്യസ്തമായൊരു വേഷത്തിലാണ് വിനീത് ചിത്രത്തിലെത്തുന്നതെന്നതും പ്രത്യേകതയാണ്.

ഗൗതം ശങ്കറാണ് ചിത്രത്തിന്റെ ക്യാമറ, ബിജി ബാല്‍ ആണ് സംഗീതം, എഡിറ്റിങ് കിരൺ ദാസും കലാ സംവിധാനം ഗോകുൽ ദാസും സൗണ്ട് ഡിസൈൻ ഗണേഷ് മാരാരും മേക്കപ്പ് റോണക്സ് സേവ്യറും നിർവ്വഹിച്ചിരിക്കുന്നു. ചിത്രം നിർമ്മിച്ചിരിക്കുന്നത് ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ്. ആക്‌ഷൻ സുപ്രീം സുന്ദർ, ജോളി ബാസ്റ്റിൻ, വസ്ത്രാലങ്കാരം മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ ബിനു മണമ്പൂർ, സൗണ്ട് മിക്സിങ് തപസ് നായക്, കോ പ്രൊഡ്യൂസേഴ്‌സ് രാജൻ തോമസ്, ഉണ്ണിമായ പ്രസാദ്, വിഎഫ്എക്സ് എഗ് വൈറ്റ് വിഎഫ്എക്സ്, ഡി ഐ കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ബെന്നി കട്ടപ്പന, ജോസ് വിജയ്, കോ ഡയറക്ടർ പ്രിനീഷ് പ്രഭാകരൻ.

Top