കശ്മീരില്‍ സാധാരണ നില പുനസ്ഥാപിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തണം;സുപ്രീം കോടതി

ന്യൂഡല്‍ഹി: കശ്മീരില്‍ സാധാരണ നില പുനസ്ഥാപിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് നിര്‍ദേശം.

കശ്മീരില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ലെന്ന് കാണിച്ച് കശ്മീര്‍ ടൈംസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ അനുരാധ ഭാഷിന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.

ദേശീയ താല്‍പര്യം സംരക്ഷിച്ചാവണം എല്ലാ നീക്കവും നടത്തേണ്ടതെന്ന് പറഞ്ഞ കോടതി സംസ്ഥാനത്തെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കശ്മീര്‍ ഹൈക്കോടതി വഴി കൈകാര്യം ചെയ്യണമെന്നും നിര്‍ദേശം നല്‍കി.

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും സംസ്ഥാനം വിഭജിക്കുകയും ചെയ്ത നടപടിയെ തുടര്‍ന്നുണ്ടായ പ്രത്യേക സാഹചര്യത്തിലാണ് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതെന്ന് പറഞ്ഞ കേന്ദ്ര സര്‍ക്കാര്‍ അതുമായി ബന്ധപ്പെട്ട് ഒരു മരണം പോലും ഉണ്ടായിട്ടില്ലെന്നും കോടതിയെ ബോധിപ്പിച്ചു.

Top