2019ലെ ഇന്ത്യന്‍ തെരഞ്ഞെടുപ്പ്: സത്യസന്ധത പുലര്‍ത്തുമെന്ന് ഫേസ്ബുക്ക്‌

വാഷിങ്ടണ്‍: തിരഞ്ഞെടുപ്പുകളില്‍ ഫേസ്ബുക്ക് വഴിയുള്ള വിവരച്ചോര്‍ച്ച ഇനിയുണ്ടാകില്ലെന്ന് ഉറപ്പുനല്‍കി സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. 2019ല്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിലുള്‍പ്പെടെ സത്യസന്ധത പുലര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. വിവരച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട് യുഎസ് സെനറ്റിന് മുന്നില്‍ മൊഴി നല്‍കവെയാണ് സക്കര്‍ബര്‍ഗിന്റെ വെളിപ്പെടുത്തല്‍.

ഫേസ്ബുക്ക് ദുരുപയോഗം ചെയ്യപ്പെടുന്നത് തടയാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സാധിച്ചില്ലെന്നും അത് വലിയ തെറ്റാണെന്നും അറിയിച്ച് സക്കര്‍ബര്‍ഗ് സെനറ്റിന് മുന്നില്‍ മാപ്പ് പറഞ്ഞിരുന്നു. 87 ദശലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങള്‍ കേംബ്രിജ് അനലിറ്റിക്കക്ക് ചോര്‍ത്തി നല്‍കിയെന്നാണ് ഫേസ്ബുക്കിനെതിരെയുള്ള പ്രധാന ആരോപണം. വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചെന്നും ആരോപണമുണ്ട്.

ഈ സാഹചര്യത്തിലാണ് ഇനി നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഇത്തരം ഇടപെടലുകള്‍ ഉണ്ടാകില്ലെന്ന് സക്കര്‍ബര്‍ഗ് ഉറപ്പുനല്‍കിയത്. ഇന്ത്യ, ബ്രസീല്‍, മെക്‌സിക്കോ, പാക്കിസ്താന്‍, ഹംഗറി എന്നീ രാജ്യങ്ങള്‍ തിരഞ്ഞെടുപ്പിനൊരുങ്ങുകയാണ്. ഇവിടങ്ങളിലെ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം അറിയാമെന്നും അതിനാല്‍ വിവരച്ചോര്‍ച്ച ഇനിയുണ്ടാകില്ലെന്നും സക്കര്‍ബര്‍ഗ് ഉറപ്പുനല്‍കി.

Top