പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍: 150 കോടിയുടെ നികുതിവെട്ടിപ്പ് നടന്നതായി അന്വേഷണസംഘം

കാസര്‍കോട്: സംസ്ഥാനത്തെ ആഡംബരവാഹനങ്ങള്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുകവഴി വന്‍ നികുതി വെട്ടിച്ചതായി കണ്ടെത്തി.

150 കോടിയിലേറെ രൂപയുടെ നികുതിവെട്ടിച്ചതായി ഗതാഗതവകുപ്പ് അന്വേഷണസംഘമാണ് കണ്ടെത്തിയത്.

മൂന്നുദിവസമായി പുതുച്ചേരിയില്‍ നടത്തിയ പരിശോധനയില്‍ 1500-ല്‍പരം പുതുച്ചേരി രജിസ്‌ട്രേഷന്‍ വാഹനങ്ങളാണ് കേരളത്തിലുള്ളതെന്ന് കണ്ടെത്തി. ഇത്രയും വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കും. ഇവയില്‍ 35 വാഹനങ്ങള്‍ മാതൃകയായി പരിശോധിച്ചപ്പോള്‍തന്നെ എല്ലാം വ്യാജവിലാസങ്ങള്‍ ഉപയോഗിച്ചാണ് രജിസ്റ്റര്‍ ചെയ്തതെന്ന് കണ്ടെത്തി. പരിശോധിക്കാന്‍ ബാക്കിയുള്ളവയില്‍ 99 ശതമാനവും വ്യാജമാകാനാണ് സാധ്യതയെന്നും അന്വേഷണസംഘം വ്യക്തമാക്കി.

പ്രമുഖ സിനിമാതാരങ്ങളുടെ വാഹനങ്ങളും നികുതി വെട്ടിച്ചവയുടെ പട്ടികയിലുണ്ട്. ഇവയുടെ രജിസ്‌ട്രേഷനെ ന്യായീകരിക്കാനുള്ള രേഖകളൊന്നും പുതുച്ചേരിയിലെ മോട്ടോര്‍ വാഹനവകുപ്പ് ഓഫിസുകളിലില്ല. ബെന്‍സ്, ഔഡി, റേഞ്ച്‌റോവര്‍, ബി.എം.ഡബ്ല്യൂ, ജാക്‌സണ്‍ തുടങ്ങിയ ആഡംബരക്കാറുകളും ഹാര്‍ലി ഡേവിഡ്‌സണ്‍ മോഡല്‍ ബൈക്കുകളുമാണ് പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തവയില്‍ ഏറെയും. ഈ വാഹനങ്ങളില്‍ 30 ശതമാനവും എറണാകുളം ജില്ലയിലാണ്.

തൃശൂരാണ് രണ്ടാമത്. മറ്റു ജില്ലകളിലും ചെറുതും വലുതുമായ തോതില്‍ പുതുച്ചേരി രജിസ്‌ട്രേഷന്‍ വാഹനങ്ങളുണ്ട്. 10 ലക്ഷം മുതല്‍ 30 ലക്ഷം വരെയാണ് ഓരോ വാഹനവും നികുതി വെട്ടിക്കുന്നത്. അന്വേഷണസംഘം ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ക്ക് വിശദ റിപ്പോര്‍ട്ട് കൈമാറും. എല്ലാ ആര്‍.ടി ഓഫിസുകള്‍ക്കും തുടര്‍നടപടിക്ക് നിര്‍ദേശം നല്‍കും. പുതുച്ചേരിയില്‍ വ്യാജരേഖകള്‍ നല്‍കി രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ ഇനി കേരളത്തിലെ റോഡുകളിലിറങ്ങണമെങ്കില്‍ വെട്ടിച്ച നികുതി നല്‍കേണ്ടി വരും.

ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അസി. സെക്രട്ടറി പി.എസ്. സന്തോഷ്, ജോയന്റ് ആര്‍.ടി.ഒ ബൈജു ജെയിംസ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ വിനോദ്കുമാര്‍, ജോര്‍ജ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്. ഈ മാസം ആറിനാണ് സംഘം പുതുച്ചേരിയില്‍ പരിശോധനക്ക് പോയത്.

Top