ആലിബാബ കുത്തക ശക്തിയാകാന്‍ ശ്രമിക്കുന്നു; അന്വേഷണവുമായി ചൈന

ബീജിംഗ്: ഇ-കൊമേഴ്സ് രംഗത്തെ ഭീമന്‍ ആലിബാബ ഗ്രൂപ്പിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ചൈന. ബിസിനസ് രംഗത്തെ കമ്പനിയുടെ കുത്തക പ്രവര്‍ത്തങ്ങളെക്കുറിച്ചാണ് അന്വേഷിക്കുക. ആലിബാബ കമ്പനി വ്യാപാരികളുമായി ഉണ്ടാക്കുന്ന പ്രത്യേക കരാറുകള്‍ക്കെതിരെ മുന്നറിയിപ്പുമായി നേരത്തെ തന്നെ ചെനീസ് സര്‍ക്കാരിന്റെ വിവിധ നിയന്ത്രണ ബോര്‍ഡുകള്‍ രംഗത്തെത്തിയിരുന്നു. ആലിബാബ പ്ലാറ്റ്ഫോമില്‍ വ്യാപാരം നടത്തുന്നവര്‍ക്ക് ആലിബാബയുടെ എതിരാളികളായ പ്ലാറ്റ്ഫോമുകളില്‍ ഉത്പന്നങ്ങള്‍ വില്‍ക്കാനാവില്ലെന്ന കരാറാണ് ഇതില്‍ പ്രധാനം.

കമ്പനിയുടെ ഈ ബിസിനസ് രീതി ഇ-കൊമേഴ്സ് മേഖലയില്‍ കുത്തക സ്ഥാപിക്കാനുള്ളതാണെന്നാണ് ചൈനീസ് സര്‍ക്കാര്‍ വാദിക്കുന്നത്. കച്ചവട കരാറുകള്‍ക്ക് പുറമെ ആലിബാബയുടെയും സഹോദര സ്ഥാപനമായ ആന്റ് ഗ്രൂപ്പിനെതിരെയും സാമ്പത്തിക ഇടപാടുകളിലും അന്വേഷണമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയാണ് ഇതു സംബന്ധിച്ച പ്രസ്താവന പുറത്തുവിട്ടത്.

ചൈനയിലെ ധനികരായവരുടെ പട്ടികയില്‍ ഒന്നാമനായ ജാക്ക് മായാണ് ആലിബാബയുടെ സഹ സ്ഥാപകന്‍. ചൈനയിലെ ഓണ്‍ലൈന്‍ വ്യാപാര മേഖലയില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തിയാണ് ഇദ്ദേഹം. ചൈനയിലെ വിവിധ റെഗുലേറ്ററി ബോര്‍ഡുകള്‍ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടു സ്വീകരിക്കുന്ന നയങ്ങള്‍ക്കും നിലപാടുകള്‍ക്കുമെതിരെ ജാക്ക് മാ നേരത്തെ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ആലിബാബക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുന്നത്.

നേരത്തെ ഫേസ്ബുക്കിന്റെ കുത്തകവ്യവസ്ഥകള്‍ക്കെതിരെ അമേരിക്കയും രംഗത്തെത്തിയിരുന്നു. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് മേഖലയില്‍ ആരോഗ്യകരമല്ലാത്ത മത്സരത്തിലൂടെ ഫേസ്ബുക്ക് കുത്തക നിലനിര്‍ത്തുന്നതിനെതിരെ നടപടി ആവശ്യപ്പെട്ടാണ് അമേരിക്കയില്‍ ഹര്‍ജിയെത്തിയത്.

Top