റിജക്ഷൻ റാപ്; എന്നിട്ട് അവസാനം IT Begins’ ചിത്രത്തിലേക്ക് വ്യത്യസ്തമായ കാസ്റ്റിംഗ് കോൾ

വികൃതി എന്ന സിനിമക്ക് ശേഷം എംസി ജോസഫ് കഥയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രമാണ് ‘എന്നിട്ട് അവസാനം IT Begins’. മധുബാല, അന്ന ബെൻ,അർജ്ജുൻ അശോകൻ, എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ചിത്രത്തിനായി വ്യത്യസ്തമായൊരു കാസ്റ്റിംഗ് കാൾ പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. റിജക്ഷൻ റാപ് എന്ന പേരിൽ ​ഗാനം പങ്കുവച്ചാണ് ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചിരിക്കുന്നത്. ഓഡീഷനുകളിൽ പങ്കെെടുത്ത് അവസരങ്ങളൊന്നും കിട്ടാതെ മനംമടുത്ത് ആത്മഹത്യ ചെയ്യാനൊരുങ്ങുന്ന യുവാവ് ആകസ്മികമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നതാണ് ​ഗാനരം​ഗത്തിൽ കാണിക്കുന്നത്. നിങ്ങൾ സിനിമയെ വിട്ടാലും സിനിമ നിങ്ങളെ വിടില്ലെന്ന വാചകവുമായാണ് കാസ്റ്റിങ്ങ് കോൾ ഗാനം അവസാനിക്കുന്നത്.

പതിനഞ്ച് വയസ്സ് മുതൽ അൻപത് വയസ്സ് വരെയുള്ള ആൺകുട്ടികളെയും പുരുഷന്മാരെയും പെൺകുട്ടികളെയും സ്ത്രീകളെയും അറുപത് വയസ്സിന് മുകളിലുള്ള പുരുഷന്മാരെയും സ്ത്രീകളെയുമാണ് അണിയറപ്രവർത്തകർ തേടുന്നത്. ‘സംസാരം ആരോ​ഗ്യത്തിന് ഹാനികരം’ എന്ന ചിത്രത്തിന് ശേഷം മധുബാല വീണ്ടും മലയാളത്തിൽ എത്തുന്ന ചിത്രമാണ് ഇത്. എ ജെ ജെ സിനിമാസിന്റെ ബാനറിൽ അനന്ത് ജയരാജ് ജൂനിയർ, ജോബിൻ ജോയി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അപ്പു പ്രഭാകറാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സുഷിൻ ശ്യാമാണ് സംഗീതം.

Top