ഇംഗ്ലണ്ടിലെ കണ്‍ട്രി എസ്റ്റേറ്റ് ബഹ്‌റൈന്‍ രാജകുടുംബത്തിന് വിറ്റതായി റിപ്പോര്‍ട്ട്

റിയാദ്: സൗദി രാജകുമാരന്‍ പ്രിന്‍സ് ബന്ദര്‍ ബിന്‍ സുല്‍ത്താന്റെ ഉടമസ്ഥതയിലുള്ള ഇംഗ്ലണ്ടിലെ കണ്‍ട്രി എസ്റ്റേറ്റ് ബഹ്‌റൈന്‍ രാജ കുടുംബത്തിന് വിറ്റതായി റിപ്പോര്‍ട്ട്. ബ്ലൂംബര്‍ഗ് വാര്‍ത്താ പോര്‍ട്ടലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 120 ദശലക്ഷം പൗണ്ടിനാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ വില്‍പ്പന നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗ്ലിംപ്ടണ്‍ പാര്‍ക്കിന്റെ നടത്തിപ്പുകാരായ ഗ്ലിംപ്ടണ്‍ എസ്റ്റേറ്റ്‌സ് ലിമിറ്റഡ് ഈ മാസം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം മാറിയതായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പോര്‍ട്ടല്‍ വ്യക്തമാക്കി. എസ്റ്റേറ്റിന്റെ ഉടമയായി പ്രിന്‍സ് ബന്ദര്‍ ബിന്‍ സുല്‍ത്താന് പകരം ബഹറൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയെയും അദ്ദേഹത്തിന്റെ മകന്‍ കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയെയുമാണ് റിപ്പോര്‍ട്ടില്‍ കാണിച്ചിരിക്കുന്നത്.

സുരക്ഷയ്ക്കും സാമ്പത്തിക സഹായത്തിനുമായി തങ്ങളെ ഏറെ ആശ്രയിക്കുന്ന അയല്‍ രാജ്യമായ ബഹ്റൈനെ സൗദി അറേബ്യ എത്രമാത്രം പരിഗണിക്കുന്നുവെന്നതിന്റെ തെളിവായാണ് ഈ എസ്റ്റേറ്റ് കൈമാറ്റത്തെ ബ്ലൂംബര്‍ഗ് വിലയിരുത്തുന്നത്. അതോടൊപ്പം കൊവിഡ് കാലത്ത് അവധിക്കാലം ചെലവഴിക്കുന്ന ഇഷ്ട കേന്ദ്രമെന്ന പദവി ഇല്ലാതായതിന്റെ ലക്ഷണം കൂടിയാണ് ഈ വില്‍പ്പനയെന്നും കരുതപ്പെടുന്നു. എന്നാല്‍ എസ്റ്റേറ്റ് വില്‍പ്പനയെ കുറിച്ച് ബന്ദര്‍ രാജകുമാരന്റെ പ്രതിനിധികളോ ബഹ്റൈന്‍ രാജ കുടുംബമോ ഇതുവരെ പ്രതികരിച്ചില്ല.

സൗദി അറേബ്യയിലെ ഒരു മുതിര്‍ന്ന രാഷ്ട്രതന്ത്രജ്ഞനും 1983 മുതല്‍ 2005 വരെ യുഎസ്സിലെ സൗദി അംബാസഡറുമായിരുന്ന പ്രിന്‍സ് ബന്ദര്‍ 1990 കളില്‍ 11 ദശലക്ഷം പൗണ്ടിനാണ് ഈ എസ്റ്റേറ്റ് വാങ്ങിയത്. പിന്നീട് അദ്ദേഹം 42 ദശലക്ഷം പൗണ്ടോളം എസ്റ്റേറ്റിന്റെ നവീകരണത്തിനായി ചെലവഴിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. പ്രകൃതിഭംഗിയാല്‍ മനോഹരമായ ഈ എസ്റ്റേറ്റിലെ പതിനെട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച വീട്, പാര്‍ക്ക് ലാന്‍ഡ്, ക്രിസ്ത്യന്‍ പള്ളി എന്നിവ പ്രത്യേക ആകര്‍ഷണങ്ങളാണ്.
Top