ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; തോല്‍വി ഏറ്റുവാങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അവസാന സ്ഥാനക്കാരോട് പരാജയപ്പെട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഷെഫീല്‍ഡ് യുണൈറ്റഡ് 2-1നാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ അട്ടിമറിച്ചത്. 4-2-3-1 ഫോര്‍മേഷനിലിറങ്ങിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ 3-5-2 ഫോര്‍മേഷനിലാണ് ഷെഫീല്‍ഡ് കീഴടക്കിയത്. 23ാം മിനുട്ടില്‍ ഷെഫീല്‍ഡ് അക്കൗണ്ട് തുറന്നു. കീന്‍ ബ്രാന്യാണ് സന്ദര്‍ശകര്‍ക്കായി വലകുലുക്കിയത്. 64ാം മിനുട്ടില്‍ ഹാരി മഗ്യൂയിര്‍ യുണൈറ്റഡിനെ ഒപ്പമെത്തിച്ചു. 74ാം മിനുട്ടില്‍ ഒലിവര്‍ ബുര്‍ക്കിയാണ് ഷെഫീല്‍ഡിന്റെ വിജയ ഗോള്‍ നേടിയത്. 76 ശതമാനം പന്തടക്കത്തിലും 5നെതിരേ 16 ഗോള്‍ശ്രമവുമായി ആക്രമണത്തിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കരുത്ത് കാട്ടിയെങ്കിലും വിജയ ഭാഗ്യം ഷെഫീല്‍ഡിനായിരുന്നു.

നിലവില്‍ 20 മത്സരത്തില്‍ നിന്ന് 40 പോയിന്റുള്ള യുണൈറ്റഡ് രണ്ടാം സ്ഥാനത്താണ്. 19 മത്സരത്തില്‍ നിന്ന് 41 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ് തലപ്പത്ത്. 30ന് നടക്കുന്ന മത്സരത്തില്‍ ആഴ്സണലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അടുത്ത എതിരാളികള്‍. എട്ട് പോയിന്റുള്ള ഷെഫീല്‍ഡ് യുണൈറ്റഡ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. മറ്റൊരു മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റിയെ എവര്‍ട്ടന്‍ 1-1 സമനിലയില്‍ കുരുക്കി. 4-4-2 ഫോര്‍മേഷനിലിറങ്ങിയ എവര്‍ട്ടനെ 4-2-3-1 ഫോര്‍മേഷനിലാണ് ലെസ്റ്റര്‍ നേരിട്ടത്.

20 മത്സരത്തില്‍ നിന്ന് 39 പോയിന്റുമായി ലെസ്റ്റര്‍ മൂന്നാം സ്ഥാനത്താണ്. 33 പോയിന്റുള്ള എവര്‍ട്ടന്‍ ഏഴാം സ്ഥാനത്താണ്. കോപ്പാ ഇറ്റാലിയയില്‍ യുവന്റസ് സ്പാലിനെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ച് സെമിയില്‍ കടന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്ലാതെയാണ് യുവന്റസിന്റെ മുന്നേറ്റം. എതിരാളികളുടെ 3-4-1-2 ഫോര്‍മേഷനെ 4-4-2 ഫോര്‍മേഷനില്‍ നേരിട്ട യുവന്റസ് 16ാം മിനുട്ടില്‍ സ്‌കോര്‍ബോര്‍ഡ് തുറന്നു. പെനാല്‍റ്റിയിലൂടെ അല്‍വാരോ മൊറാറ്റയാണ് ഗോള്‍ നേടിയത്. 33ാം മിനുട്ടില്‍ ജിയാന്‍ലൂക്കാ ഫ്രാബോട്ട ലീഡുയര്‍ത്തിയപ്പോള്‍ 78ാം മിനുട്ടില്‍ ഡിജാന്‍ കുലുസെസ്‌കി യുവന്റസിനായി മൂന്നാം ഗോള്‍ നേടിയപ്പോള്‍ ഇഞ്ചുറി ടൈമില്‍ ഫെഡറിക്കോ ചീസയാണ് നാലാം ഗോള്‍ നേടിയത്. സെമിയില്‍ ശക്തരായ ഇന്റര്‍ മിലാനാണ് യുവന്റസിന്റെ എതിരാളികള്‍.

Top