English Premier League;Arsanel and Chelsy equal

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താനുള്ള അവസരം ആഴ്‌സണലിനു നഷ്ടപ്പെട്ടു. എവേ പോരാട്ടത്തില്‍ നോര്‍വിച്ച് സിറ്റി ആഴ്‌സണലിനെ 1-1 സമനിലയില്‍ പിടിച്ചുകെട്ടിയതോടെയാണിത്.

മെസ്യൂട്ട് ഓസിലിന്റെ ഗോളില്‍ 30-ാം മിനിറ്റില്‍ മുന്നില്‍കടന്ന ആഴ്‌സണലിനെ 43-ാം മിനിറ്റില്‍ ലെവിസ് ഗ്രബാനിലൂടെ നോര്‍വിച്ച് സമനിലയില്‍ തളച്ചു. മറ്റൊരു മത്സരത്തില്‍ ചെല്‍സിയും ടോട്ടനവും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. സീസണില്‍ ചെല്‍സിയുടെ ദയനീയ പ്രകടനം തുടരുകയാണ്.

അതേസമയം, ലിവര്‍പൂള്‍ സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍വച്ച് സ്വാന്‍സീ സിറ്റിയെ 1-0നു പരാജയപ്പെടുത്തി. 62-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ജയിംസ് മില്‍നറാണ് ചെമ്പടയുടെ വിജയഗോള്‍ നേടിയത്. വെസ്റ്റ്ഹാം യുണൈറ്റഡ് വെസ്റ്റ് ബ്രോംവിച്ച് മത്സരം 1-1 സമനിലയില്‍ അവസാനിച്ചു.

ലീഗില്‍ 14 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 29 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റിയാണ് തലപ്പത്ത്. 29 പോയിന്റുമായി ലീസര്‍സിറ്റി, 28 പോയിന്റുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, 27 പോയിന്റുമായി ആഴ്‌സണല്‍ എന്നിവരാണ് ആദ്യ നാലു സ്ഥാനങ്ങളില്‍. 25 പോയിന്റുമായി ടോട്ടനം അഞ്ചാമതും 23 പോയിന്റുമായി ലിവര്‍പുള്‍ ആറാമതുമാണ്. 15 പോയിന്റുമായി ചെല്‍സി 14-ാം സ്ഥാനത്താണ്.

Top